മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി ഒരു ബയോപിക് നിർമ്മിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. 'ഉമ്മൻ ചാണ്ടി' എന്ന് പേരിടാൻ ആഗ്രഹിക്കുന്ന സിനിമയിൽ, അച്ഛന്റെ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നും അദ്ദേഹം നാദിർഷായുടെ യൂട്യൂബ് പരിപാടിയിൽ പറഞ്ഞു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി ബയോപിക് സിനിമ ഒരുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷാ അവതരിപ്പിക്കുന്ന ‘നാദിർ ഷോ’ യൂട്യൂബ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ തന്‍റെ ആഗ്രഹം പങ്കുവെച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിനയരംഗത്തേക്ക് കടക്കുന്നതിനേക്കാൾ സിനിമ നിർമ്മിക്കാനുള്ള താൽപര്യമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘അച്ഛന്റെ പേരിലുള്ള ഒരു സിനിമയാണ് എന്റെ സ്വപ്നം. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരിൽ തന്നെ സിനിമ പുറത്തിറക്കാനാണ് ആഗ്രഹം. അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്‍റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം,’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ചാണ്ടി ഉമ്മന്‍റെ ഈ പരാമർശം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ ജനകീയ നേതാവെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമോയെന്ന ചർച്ചകൾക്കും ഇതോടെ തുടക്കമായിരിക്കുകയാണ്. നേരത്തെ, നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിച്ഛായ എന്ന സിനിമയിൽ പലയിടത്തും ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.

ഐക്യ ജനാധിപത്യ മുന്നണിയെ അനുസ്മരിപ്പിക്കുന്ന സര്‍ക്കാരിന്‍റെ അവസാന ഘട്ടം. പാര്‍ട്ടിയുടെ ജനകീയ മുഖമായ കെ എം വര്‍ഗീസ് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികളെ അസാമാന്യ മെയ്‍വഴക്കത്തോടെ മറികടക്കാറുള്ള വര്‍ഗീസിന് മുന്നിലേക്ക് പക്ഷേ ഒരു ഗുരുതര ആരോപണം വന്നെത്തുകയാണ്. അത് അയാളെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിക്കളയുന്നു. പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള നിയോഗം അയാളുടെ ഇളയ മകന്‍ ജോണിലേക്ക് എത്തുന്നു. അച്ഛന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും നിരപരാധിത്വം പൊതുജനസമക്ഷം തെളിയിക്കേണ്ടത് പിന്നെ ജോണിന്‍റെ ഉത്തരവാദിത്തം ആവുകയാണ്. പ്രതിച്ഛായയുടെ കഥ മുന്നോട്ട് പോയത് ഇങ്ങനെയായിരുന്നു.