വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകൻ' തിയേറ്ററുകളിൽ 300 കോടിയിലധികം നേടി വൻ വിജയമായി.

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'ജന നായകൻ' തിയേറ്ററിൽ നേടിയത് മികച്ച വിജയമാണ്. 300 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ് ചിത്രം. സീ ഫൈവിലൂടെ ഓഗസ്റ്റ് 5 നാണ് ചിത്രമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ 'ചെല്ലമകളെ' എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ ‘ജനനായകനെ’ ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.

കേരളത്തിലും മികച്ച പ്രകടനമാണ് ‘ജനനായകൻ’ കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായക’ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

YouTube video player

കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി അനൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് അണിയറയിൽ. പി.ആർ.ഒ. & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

YouTube video player