ആരാണ് 'റമ്പാന്‍'? ജോഷി ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് ചെമ്പന്‍ വിനോദ്
ബഹുഭൂരിപക്ഷവും അമേരിക്കയിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്

മോഹന്‍ലാലിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഭൂരിപക്ഷവും ഇതിനകം വലിയ ഹൈപ്പ് നേടിയിട്ടുള്ളവയാണ്. ആ നിരയിലേക്കാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം റമ്പാനും. എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസ് ആണ്. അങ്കമാലി ഡയറീസ്, ഭീമന്‍റെ വഴി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ടൈറ്റില്‍ ലോഞ്ച് വേദിയില്‍ വച്ച് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ചെമ്പന്‍ പറയുകയുണ്ടായി.
രചനയുടെ ഏത് ഘട്ടത്തിലാണ് മോഹന്‍ലാല്‍ മനസിലേക്ക് വന്നതെന്ന ചോദ്യത്തിന് ചെമ്പന്‍റെ മറുപടി ഇങ്ങനെ- "മൂന്ന് മാസം മുന്‍പാണ് ലാലേട്ടന്‍ മനസിലേക്ക് വന്നത്. ആ സമയത്ത് തിരക്കഥ പൂര്‍ത്തിയായിരുന്നില്ല. ലാലേട്ടനോട് പറഞ്ഞിട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ ആ രീതിയില്‍ ഡെവലപ്പ് ചെയ്യാമെന്നാണ് ആലോചിച്ചത്. പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു", ചെമ്പന്‍ വിനോദ് പറഞ്ഞു. മോഹന്‍ലാല്‍ ഇത് ചെയ്യാമെന്ന് സമ്മതിച്ച നിമിഷം ഏതായിരുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- "ഈ പ്രോജക്റ്റ് ചെയ്യാമെന്ന് എന്നോട് പറഞ്ഞത് ലാലേട്ടന്‍ അല്ല, മറിച്ച് ആന്‍റണിച്ചേട്ടന്‍ ആണ്. കഥ പറഞ്ഞ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ആന്‍റണി ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, ലാലേട്ടന് കഥ ഇഷ്ടപ്പെട്ടോ എന്ന്. ഞാനൊന്ന് സാറിനോട് സംസാരിച്ചിട്ട് വരാമെന്ന് അദ്ദേഹം പറഞ്ഞു. സംസാരിച്ച് തിരിച്ചുവന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, നമ്മള്‍ ഓകെയാണ് ചെയ്യാം എന്ന്".
ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ചും തിരക്കഥാകൃത്ത് പറഞ്ഞത് ഇങ്ങനെ- "നാട്ടില്‍ അത്യാവശ്യം തരികിടകളൊക്കെയായി നാട്ടില്‍ ചെറുപ്പത്തില്‍ ജീവിച്ച് വലുതായപ്പോള്‍ നന്നായി ഒരാളാണെന്ന് കരുതാം. അതുപോലെതന്നെ ഒരു മകളുമുണ്ട് അദ്ദേഹത്തിന്. അതാണ് സിനിമ. അത്രയേ പറയാന്‍ പറ്റൂ", ചെമ്പന്‍ വിനോദ് ജോസ് പറഞ്ഞുനിര്‍ത്തി.
ചെമ്പോസ്‍കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രമായിരിക്കുമിത്. മലയാളത്തിന് പുറമെ ബോളിവുഡിലെയും വിദേശങ്ങളിലെയും അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ബഹുഭൂരിപക്ഷവും അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങൾ കേരളത്തിലുമുണ്ട്.
ALSO READ : 'പഠാനും' 'ജവാനും' ശേഷം കിംഗ് ഖാന്‍; എങ്ങനെയുണ്ട് 'ഡങ്കി'? ആദ്യ റിവ്യൂ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക