Asianet News MalayalamAsianet News Malayalam

വിനയന്‍ ചിത്രത്തില്‍ 'കായംകുളം കൊച്ചുണ്ണി'യാവാന്‍ ചെമ്പന്‍ വിനോദ്

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചിരുന്നു

chemban vinod to play kayamkulam kochunni in vinayan movie
Author
Thiruvananthapuram, First Published Apr 27, 2021, 8:46 PM IST

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'കായംകുളം കൊച്ചുണ്ണി'യെ അവതരിപ്പിക്കാന്‍ ചെമ്പന്‍ വിനോദ് ജോസ്. എന്നാല്‍ ഇത് നായക കഥാപാത്രമല്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന 'കൊച്ചുണ്ണി' കടന്നുവരുന്നത്. ചിത്രത്തില്‍ നായക സ്ഥാനത്ത് വരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിത്സണ്‍ ആണ്.

മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നാണ് ചെമ്പന്‍റെ പ്രകടനത്തെപ്പറ്റി വിനയന്‍ പറഞ്ഞിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക.

വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 

ALSO READ: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

Follow Us:
Download App:
  • android
  • ios