ഛാവയുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നിൽ മഹാരാഷ്ട്രയാണെന്ന് മഹേഷ് മഞ്ചരേക്കർ. വിക്കി കൗശലിന്റെ പ്രകടനത്തിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ബോളിവുഡിലെ സമീപകാലത്തെ വന്‍ ഹിറ്റുകളില്‍ ഒന്നാണ് ഛാവ. ബോക്സോഫീസില്‍ 800 കോടിയോളമാണ് ഈ ചരിത്ര സിനിമ നേടിയത്. വിക്കി കൗശല്‍ മുന്‍പ് കാണാത്ത രീതിയില്‍ ഛാവയില്‍ സംബാജിയായി തകര്‍ത്തുവെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ താരത്തിന്‍റെ പ്രകടനത്തില്‍ ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയാണ് ബോളിവുഡ് നടന്‍ മഹേഷ് മഞ്ചരേക്കര്‍. മിര്‍ച്ചി മറാത്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നുപറഞ്ഞത്.
"എന്‍റെ മഹാരാഷ്ട്രയാണ് ഹിന്ദി സിനിമാ വ്യവസായത്തെ രക്ഷിച്ചത്. ഓർക്കുക, ഇന്ന് ഛാവ നന്നായി ഓടുന്നു, അതിന്റെ ക്രെഡിറ്റിന്റെ 80 ശതമാനവും മഹാരാഷ്ട്രയ്ക്കാണ്. വാസ്തവത്തിൽ, ക്രെഡിറ്റിന്റെ 90 ശതമാനവും പൂനെയ്ക്കാണ്. ബാക്കി മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലേക്കാണ്. മഹാരാഷ്ട്രയ്ക്ക് ബോളിവുഡിനെ രക്ഷിക്കാൻ കഴിയും," സംവിധായകന്‍ കൂടിയ മഹേഷ് മഞ്ചരേക്കര്‍ കൂട്ടിച്ചേർത്തു.
വിക്കി കൗശല്‍ പറയുന്നത് തന്നെ കാണാന്‍ ആളുകള്‍ തീയറ്ററിലേക്ക് വരുന്നുവെന്നാണ്. അങ്ങനെയാണെങ്കില്‍ ഛാവയ്ക്ക് മുന്‍പ് വിക്കിയുടെതായി വന്ന ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റാകണമല്ലോ? അത് ഉണ്ടായില്ലല്ലോ എന്നും മഹേഷ് ചോദിക്കുന്നു. കണ്ടന്‍റാണ് ഇവിടെ വിജയിച്ചത് ഒപ്പം മഹാരാഷ്ട്ര ഓഡിയന്‍സാണ് അതിനെ വിജയിപ്പിച്ചത് എന്നും ഇദ്ദേഹം പറഞ്ഞു.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഛാവയില്‍ മറാത്ത യോദ്ധാവും മറാത്ത സാമ്രാജ്യ സ്ഥാപകനുമായ ഛത്രപതി ശിവാജിയുടെ മകനായ ഛത്രപതി സംബാജിയുടെ വേഷത്തിലാണ് കൗശൽ എത്തിയിരുന്നത്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.
ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ഛാവ വലിയ വിജയമാണ് നേടിയത്. അതിന് പിന്നാലെ ചിത്രം തെലുങ്കില്‍ ഡബ്ബ് ചെയ്തു എത്തിയിരുന്നു. മഡോക് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം പുഷ്പ 2 റിലീസ് കാരണം ഫെബ്രുവരിയിലേക്ക് നീട്ടുകയായിരുന്നു.
ഛാവ ബോക്സ് ഓഫീസിൽ വിജയമായിരുന്നെങ്കിലും, വിക്കി കൗശലിന്റെ അതിന് മുന്‍പുള്ള രണ്ട് ചിത്രങ്ങളായ ബാഡ് ന്യൂസും സാം ബഹാദൂരും ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നില്ല. അതേ സമയം അക്ഷയ് കുമാര്‍ ശിവാജി മഹാരാജായി എത്തുന്ന ഒരു മറാത്തി ചിത്രം സംവിധാനം ചെയ്യുന്നുണ്ട് മഹേഷ് മഞ്ചരേക്കര്‍. ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് വിവരം.
എഐ കെണിയില്‍ പെട്ട് ആമിര്‍ ഖാനും: ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം !
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ ചിത്രം 'ഹാഫ്' ചിത്രീകരണം ആരംഭിച്ചു
