തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ അടൂർ ​ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. കലാകാരൻമാരെ നിശബ്ദരാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രം​ഗത്തും വർ​ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കേരളത്തിൽ ഇത് വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറെ കാലമായി ചലച്ചിത്രകലാരം​ഗത്ത് വർ​ഗീയതയുടെ വിദ്വേഷം പകർത്താനുള്ള ശ്രമം ദേശീയതലത്തിൽ ശക്തിപ്പെട്ടു വരുന്നു. ചലച്ചിത്ര കലാകാരൻമാർ ​ഗുരുവായി കരുതുന്ന ദിലീപ് കുമാറിന് പോലും അസഹിഷ്ണുത നിറഞ്ഞ വർ​ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നേരിടേണ്ടിവന്നു. ഷബാന ആസ്മി, അനന്ദ് പട്‍വർധൻ, കമൽ ഹാസൻ, ​ദീപ മേത്ത എന്നീ വിഖ്യാതരായ ഒട്ടവനധി ചലച്ചിത്രകലാപ്രതിഭകൾക്ക് നേരെ ആക്രണമോ ഭീഷണിയോ ഉണ്ടായി.

ഇത്തരത്തിൽ കലാകാരൻമാരെ നിശബ്ദരാക്കാനുള്ള അർധഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാ​ഗമായി വേണം കഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണന് നേരെയുണ്ടായ ഭീഷണിയെ കാണാൻ. ഞങ്ങൾ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ ചന്ദ്രനിൽ പോയ്‍ക്കൊള്ളൂ എന്നാണ് അസഹിഷ്ണുതയുടെ ശക്തികൾ പറഞ്ഞത്. ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും നൽകിയ ചലച്ചിത്ര സംഭാവനയാണ് അടൂർ ​ഗോപാലകൃഷ്ണന്റെ വ്യക്തിത്വം. ഫാൽകെ അവാർഡ് അടക്കം നേടിയ പ്രശസ്തനായ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വർ​ഗീയ ശക്തിയുടെ വക്താക്കൾ തങ്ങളുടെ സംസ്ക്കാര രാഹിത്യമാണ് വെളിവാക്കുന്നത്. നിർഭയമായി അഭിപ്രായം പറയുന്നവർ ഒഴിവായി കിട്ടിയാൽ മാത്രമേ തങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന ഭീരുത്വമാണ് ഇവർ വെളിവാകുന്നത്. ഇവരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും കേരളം കീഴടങ്ങില്ല. സർ​ഗാത്മക കലയുടെ രംഗത്ത് വ്യാപരിക്കുന്നവരെ കേരളവും കേരള ജനതയും സർക്കാരും എല്ലാ നിലയ്ക്കും സംരക്ഷിക്കുമെന്നും. അവർക്ക് സ്വതന്ത്രവും ഭയരഹിതവുമായി രീതിയിൽ തുടർന്നും സംഭാവനകൾ നൽകാനുള്ള അന്തരീക്ഷം ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.