ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവും ആ സിനിമ തന്നെയും ഒരു അഭിനേതാവ് എന്ന നിലയില്‍ തന്‍റെ ശൈലിക്ക് യോജിക്കുന്നതാണെന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് അവകാശം ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് നേരത്തെ വാങ്ങിയിരുന്നു. 'രംഗസ്ഥലവും' 'ആര്യ'യും ഒക്കെ ഒരുക്കിയ സുകുമാര്‍ ആണ് ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുകയെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാല്‍ 'സാഹൊ' ഡയറക്ടര്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആദ്യകാഴ്‍ചയില്‍ത്തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍‌ എന്ന് ചിരഞ്ജീവി കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞിരുന്നു. സെയ്റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ ലൂസിഫര്‍ റീമേക്ക് അവകാശം വാങ്ങാനിടയായ കാരണത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. "മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്നും എന്തായാലും കാണണമെന്നും എന്നോട് ആരോ പറഞ്ഞു. ആദ്യകാഴ്ചയില്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. പക്ഷേ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ അറിഞ്ഞു. എങ്കിലും എനിയ്ക്ക് അത് ചെയ്യണമെന്നുതന്നെ തോന്നി. അതിനാല്‍ റൈറ്റ്‌സ് വാങ്ങി. എന്റെ അടുത്തതോ അതിനടുത്തതോ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും", പൃഥ്വിരാജ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ചിരഞ്ജീവിയുടെ അഭിപ്രായ പ്രകടനം.

 

മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രമാണ് പൃഥ്വിരാജിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ വലിയ വിജയത്തെത്തുടര്‍ന്ന് രണ്ടാംഭാഗമായ എംപുരാനും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നായിരുന്നു ലൂസിഫറിന്‍റെ റിലീസ്.