ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ'യുടെ റിലീസ് വീണ്ടും നീട്ടി. 


ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ' (Acharya) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ആചാര്യ' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

ചിരഞ്‍ജീവി നായകനാകുന്ന ചിത്രം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 'ആര്‍ആര്‍ആര്‍' ചിത്രം റിലീസ് മാര്‍ച്ച് 25ന് റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 'ആചാര്യ' പിൻമാറിയിരിക്കുന്നത്. പരസ്‍പര ധാരണയോടെയാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ആര്‍ആര്‍ആര്‍ 'എന്ന ചിത്രം മാര്‍ച്ച് 25ന് എത്തുന്നതിനാല്‍ ഏപ്രില്‍ 19ലേക്ക് 'ആചാര്യ'യുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

'ആചാര്യ' എന്ന ചിത്രം നിര്‍മിക്കുന്നത് നിരഞ്‍ജൻ റെഡ്ഡിയും അൻവേഷ് റെഡ്ഡിയും ചേര്‍ന്നാണ് കൊനിദെല പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രത്തിന്റെ ബാനര്‍. മണിശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവീൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

നായകനായ ചിരഞ്‍ജീവിയുടെ മകൻ രാം ചരണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കാജല്‍ അഗര്‍വാള്‍, പൂജ ഹെ‍ഗ്‍ഡെ എന്നിവരാണ് നായികമാര്‍. തിരു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാമൂഹ്യപ്രവര്‍ത്തകനായി മാറിയ ഒരു നക്സലിന്റെ കഥയാണ് ആചാര്യ പറയുന്നത്.