വിക്രമിനൊപ്പം നിറഞ്ഞാടി പാർവതി തിരുവോത്ത്; തങ്കലാനിൽ ആവേശം തീർത്ത 'മിനിക്കി മിനിക്കി..' എത്തി
ഓഗസ്റ്റ് 15നാണ് തങ്കലാൻ റിലീസ് ചെയ്തത്.
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന വിക്രം ചിത്രം തങ്കലാന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'മിനിക്കി മിനിക്കി..', എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഫെസ്റ്റിവൽ മൂഡിലുള്ള ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാർ ആണ്.
ഉമ ദേവി വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിന്ദൂരി വിശാൽ ആണ്. പാർവതി തിരുവോത്തും വിക്രമും തമ്മിലുള്ള മികച്ച നൃത്തപ്രകടനങ്ങൾ കോർത്തിണക്കിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഓഗസ്റ്റ് 15നാണ് തങ്കലാൻ റിലീസ് ചെയ്തത്. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ അഭിനേതാക്കളുടെ പ്രകടനം ഏറെ ശ്രദ്ധനേടുന്നുണ്ട്. 2024 ജനുവരിയിലാണ് തങ്കലാന്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളുക ആയിരുന്നു. പാര്‍വതിക്കും വിക്രമിനും പുറമെ മാളവിക മോഹനൻ, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "തങ്കലാൻ" കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്‍റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്‍റെ ചെറുത്തുനിൽപ്പാണ് കഥ.
സമ്മിശ്ര പ്രതികരണം ആണെങ്കിലും മികച്ച ഓപ്പണിംഗ് കളക്ഷന്‍ തങ്കലാന്‍ നേടിയിരുന്നു. തമിഴ്‍നാട്ടില്‍ മാത്രം 11.7 കോടി രൂപ റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ ഒന്നാമതുള്ള ഇന്ത്യൻ 2 സിനിമ റിലീസിന് തമിഴ്‍നാട്ടില്‍ നിന്ന് 16.5 കോടി രൂപയാണ് നേടിയത്. രണ്ടാമത് ധനുഷിന്റെ രായനാണ്. രായൻ തമിഴ്‍നാട്ടില്‍ റിലീസിന് 11.85 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.