ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് യുവതി

പ്രമുഖ നൃത്ത സംവിധായകനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ നൃത്ത സംവിധായകനായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റര്‍) പരാതി ഉയര്‍ന്നിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള ഇരുപത്തൊന്നുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ജാനിക്ക് എതിരെ സൈബറാബാദിലെ റായ്‍ദുര്‍ഗം പൊലീസ് സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.

നിരവധി സിനിമകളില്‍ ഒപ്പം പ്രവര്‍ത്തിച്ച തന്നെ കഴിഞ്ഞ ഏതാനും മാസക്കാലയളവില്‍ നിരവധി തവണ ഷെയ്ഖ് ജാനി ബാഷ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ചെന്നൈയിലും മുംബൈയിലും ഹൈദരാബാദിലുമൊക്കെ വച്ച് ചൂഷണം ചെയ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. തന്‍റെ തന്നെ വീട്ടില്‍ വച്ചും നൃത്തസംവിധായകനില്‍ നിന്ന് ചൂഷണം നേരിടേണ്ടിവന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നിലവില്‍ നര്‍സിംഗി പൊലീസിന് കൈമാറിയിരിക്കുകയാണ് കേസ്.

തെലങ്കാനയിലെ വിമെന്‍ സേഫ്റ്റി വിംഗ് ഡിജി ആയ ശിഖ ഗോയലിന് മുന്‍പിലാണ് പ്രസ്തുത പരാതി ആദ്യം എത്തിയത്. പോഷ് ആക്റ്റിന് കീഴില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ ഡിജി നിര്‍ദേശിച്ച പരാതിയില്‍ ക്രിമിനല്‍ ചാര്‍ജുകള്‍ വരുന്നതിനാല്‍ പൊലീസില്‍ കേസ് നല്‍കുവാന്‍ യുവതിക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. 

നേരത്തെ ഒരു കോളെജിലെ അടിപിടി കേസുമായി ബന്ധപ്പെട്ട് ആറ് മാസത്തേക്ക് ഷെയ്ഖ് ജാനി ബാഷ ശിക്ഷിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ കിസീ കാ ഭായ് കിസീ കീ ജാന്‍, പുതിയ ബോളിവുഡ് ഹിറ്റ് സ്ത്രീ 2 എന്നിവയിലെല്ലാം നൃത്തസംവിധായകനായിരുന്നു ജാനി. വിജയ്, രാം ചരണ്‍, ധനുഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളില്‍ മിക്കവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ALSO READ : 10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം