കാലിഫോര്‍ണിയ: ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് വിവാഹിതനായി. നടൻ അര്‍ണോള്‍ഡ് ഷ്വാസ്​നഗറിന്റെ മകള്‍ കാതറീന്‍ ഷ്വാസ്​നഗറാണ് വധു. കാലിഫോര്‍ണയയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ക്രിസ് പ്രാറ്റ്- കാതറീന്‍ ദമ്പതികളുടെ വിവാഹചിത്രമാണ് ചലച്ചിത്രലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ക്രിസാണ് വിവാഹചിത്രങ്ങൾ പുറത്തുവിട്ടത്.  

അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, ജുറാസിക് വേള്‍ഡ്. ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ക്രിസ് പ്രാറ്റ്. എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് അര്‍ണോള്‍ഡിന്റെ മൂത്ത മകളായ കാതറിന്‍. ക്രിസും കാതറിനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2018 ജൂലൈയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത സ്ഥിരീകരിച്ച് ക്രിസ് രം​ഗത്തെത്തിയത്.

ക്രിസിന്റെ രണ്ടാം വിവാഹമാണിത്. നടിയും മോഡലുമായ അന്ന ഫാരിസ് ആണ് ക്രിസിന്റെ ആദ്യ ഭാര്യ. 2009-ല്‍ വിവാഹിതായ ഇവര്‍ 2018-ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ക്രിസിനൊരു ഒരു മകനുണ്ട്.