തിയറ്ററില്‍ അഞ്ച്, ഒടിടിയില്‍ അഞ്ച്

സിനിമകളുടെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നാണ് ക്രിസ്‍മസ് (Christmas)- ന്യൂഇയര്‍ കാലയളവ്. 10 ദിവസത്തെ സ്‍കൂള്‍ അവധിയും ഉത്സവാന്തരീക്ഷവുമൊക്കെ മുന്നില്‍ക്കണ്ട് മിക്ക വര്‍ഷങ്ങളിലും പ്രധാനപ്പെട്ട പലചിത്രങ്ങളും ക്രിസ്‍മസ് റിലീസ് (Christmas Release) ആയി എത്താറുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം സജീവമായ തിയറ്ററുകളിലേക്ക് ഇത്തവണ നിരവധി ചിത്രങ്ങളാണ് ക്രിസ്‍മസ്, ന്യൂഇയര്‍ റിലീസുകളായി എത്താനിരിക്കുന്നത്. തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലേക്കും മലയാള ചിത്രങ്ങള്‍ ഈ ഉത്സവ സീസണില്‍ എത്തുന്നുണ്ട്.

ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തര'ത്തോടെയാണ് (Ajagajantharam) മലയാളം സിനിമകളുടെ തിയറ്ററുകളിലെ ക്രിസ്‍മസ് സീസണിന് ആരംഭമാവുന്നത്. നാളെയാണ് (ഡിസംബര്‍ 23) ചിത്രം തിയറ്ററുകളില്‍ എത്തുക. ക്രിസ്‍മസിന് തലേദിവസമായ 24ന് രണ്ട് ചിത്രങ്ങള്‍ കൂടി തിയറ്ററുകളില്‍ എത്തുന്നുണ്ട്. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്‍ത 'കുഞ്ഞെല്‍ദോ' (Kunjeldho), സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കിയിരിക്കുന്ന 'മ്യാവൂ' (Meow) എന്നിവയാണ് അവ. ഡിസംബര്‍ 31നാണ് മറ്റു രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുക. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' (Sathyam Mathrame Bodhippikkoo), അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്‍ത 'ജിബൂട്ടി' (Djibouti) എന്നിവയാണ് 31ന് എത്തുന്ന ചിത്രങ്ങള്‍.

അതേസമയം താരമൂല്യത്തിലും നേടിയ പ്രേക്ഷകശ്രദ്ധയിലും തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളോളമോ അതിനേക്കാളോ മുകളില്‍ നില്‍ക്കുന്ന പ്രോജക്റ്റുകളാണ് ഡയറക്റ്റ് ഒടിടി റിലീസുകളായി ഈ സീസണില്‍ എത്തുന്നത്. ബേസില്‍ ജോസഫിന്‍റെ ടൊവീനോ തോമസ് ചിത്രം 'മിന്നല്‍ മുരളി'യാണ് (Minnal Murali) ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്. ഇതേ ദിവസം എത്തുന്ന മറ്റു രണ്ട് ഒടിടി റിലീസുകള്‍ ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍ത 'മധുരം' (Madhuram), നിത്യ മേനോനെ നായികയാക്കി ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്‍ത 'കോളാമ്പി' (Kolambi) എന്നിവയാണ്. ഇതില്‍ മധുരം സോണി ലിവിലും കോളാമ്പി എംടോക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്‍ഫോമിലുമാണ് എത്തുക. അതേസമയം നാദിര്‍ഷയുടെ ദിലീപ് ചിത്രം 'കേശു ഈ വീടിന്‍റെ നാഥന്‍' (Keshu Ee Veedinte Naathan) ഡിസംബര്‍ 31ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും എത്തും. ഒടിടിയിലെ ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി നിഥിന്‍ രണ്‍ജി പണിക്കരുടെ സുരേഷ് ഗോപി ചിത്രം കാവലും (Kaaval) എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 27 ആണ് റിലീസ് തീയതി.