Asianet News MalayalamAsianet News Malayalam

കൊവിഡ്: ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' വീണ്ടും റിലീസ് നീട്ടി

തീയേറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയുടെ പുതിയ തീരുമാനത്തിനു പിന്നാലെയാണ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് ടെനറ്റ് റിലീസ് നീട്ടിയിരിക്കുന്നത്.

christopher nolans tenet release date again extended
Author
Thiruvananthapuram, First Published Jun 26, 2020, 10:39 PM IST

കൊവിഡ് ലോക്ക് ഡൗണിനു ശേഷം ഹോളിവുഡ് പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ നോളൻ ചിത്രം ടെനറ്റിന്‍റെ റിലീസ് നീട്ടി. ഇത് രണ്ടാമത്തെ തവണയാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രധാന ഹോളിവുഡ് റിലീസുകളില്‍ ഒന്നായ ചിത്രത്തിന്‍റെ റിലീസ് നീട്ടിയിരിക്കുന്നത്. ജൂലൈ 17ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പിന്നീട് ജൂലൈ 31ലേക്ക് നീട്ടിയിരുന്നു. ഈ തീയ്യതിയാണ് വീണ്ടും മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 12 ആണ് പുതിയ റിലീസ് തീയ്യതി.

തീയേറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയുടെ പുതിയ തീരുമാനത്തിനു പിന്നാലെയാണ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് ടെനറ്റ് റിലീസ് നീട്ടിയിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അണ്‍ലോക്കിംഗിന്‍റെ നാലാം ഘട്ടത്തില്‍ തുറക്കുന്നവയുടെ കൂട്ടത്തില്‍ തീയേറ്ററുകള്‍ ഉള്‍പ്പെടില്ലെന്നായിരുന്നു പ്രഖ്യാപനം. 200 മില്യണ്‍ ഡോളറാണ് ടെനറ്റിന്‍റെ നിര്‍മ്മാണച്ചെലവ്. ഇത്രയും വലിയ ബജറ്റിലെത്തുന്ന ഒരു സിനിമയ്ക്ക് ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചലസിലും തീയേറ്ററുകള്‍ കിട്ടാത്ത പക്ഷം വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവാണ് വാര്‍ണര്‍ ബ്രദേ‍ഴ്‍സിനെ റിലീസ് നീട്ടാന്‍ പ്രധാനമായും പ്രേരിപ്പിച്ചിരിക്കുന്നത്. 

അതേസമയം ജൂലൈ മാസത്തില്‍ അമേരിക്കയിലെ തീയേറ്ററുകള്‍ തുറന്നാലും പ്രേക്ഷകര്‍ എത്തുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. 50 ശതമാനത്തിലോ അതിലും കുറച്ചോ കാണികള്‍ക്ക് പ്രവേശനം നല്‍കി ശാരീരിക അകലം ഉറപ്പാക്കിയും ഉയര്‍ന്ന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും ബിസിനസ് തിരിച്ചുപിടിക്കാനാവുമെന്നാണ് യുഎസിലെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ കണക്കുകൂട്ടല്‍. ഡിസ്‍നിയുടെ 'മുലാന്‍' റീമേക്ക് ആവും കൊവിഡ് പ്രതിസന്ധിക്കുശേഷം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് ആദ്യം തീയേറ്ററുകളിലെത്തുന്ന സിനിമ. ജൂലൈ 24 ആണ് ഡിസ്‍നി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയ്യതി. എന്നാല്‍ ഇത് നീട്ടിയേക്കാമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നു.

Follow Us:
Download App:
  • android
  • ios