ആമിർ ഖാൻ, ജെനീലിയ ദേശ്മുഖ് എന്നിവർ അഭിനയിക്കുന്ന സ്പോർട്സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2025 ജൂൺ 20 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് ‘സിതാരെ സമീൻ പർ'. ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2007-ൽ പുറത്തിറങ്ങിയ ഖാന്റെ താരേ സമീൻ പറിന്റെ സ്പിരിച്വല്‍ തുടര്‍ച്ച എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിൽ ഖാനും ജെനീലിയ ദേശ്മുഖും അഭിനയിക്കുന്നു. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്.

ആരൗഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവർ സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ചിത്രം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രത്തിന് എന്നാല്‍ ആദ്യ റിവ്യൂ എത്തി കഴിഞ്ഞു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മൂർത്തിയാണ് ആമിർ ഖാന്റെ പുതിയ ചലച്ചിത്രം കണ്ട് അഭിപ്രായം പറഞ്ഞത്.

ഈ ചിത്രം, സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ഒരു ‘കണ്ണുതുറപ്പിക്കുന്ന’ അനുഭവമാണെന്നാണ് സുധാ മൂര്‍ത്തി പറയുന്നത്. ഒരു പ്രത്യേക സ്ക്രീനിംഗിന് ശേഷം തന്റെ അനുഭവം പങ്കുവെച്ച സുധാ മൂർത്തി, ചിത്രത്തിന്റെ സന്ദേശത്തെ ‘മാറ്റത്തിനുള്ള ശക്തമായ ഉപകരണം’ എന്ന് വിശേഷിപ്പിച്ചു.

ആമിർ ഖാനും ജെനെലിയ ഡിസൂസയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, ന്യൂറോഡൈവർജന്റ് വ്യക്തികളുടെ ജീവിതവും അവരുടെ സംഭാവനകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

‘സിതാരെ സമീൻ പർ’ സമൂഹത്തിന്റെ ശ്രദ്ധ പുതിയ ദിശയിലേക്ക് തിരിക്കുമെന്നും, ആളുകളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുമെന്നും സുധാ മൂർത്തി പ്രത്യാശ പ്രകടിപ്പിച്ചു. ആമിർ ഖാന്റെ നിർമാണ കമ്പനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം തീയറ്ററിനൊപ്പം യൂട്യൂബില്‍ റെന്‍റ് അടിസ്ഥാനത്തിലും റിലീസ് ചെയ്യും.