സീതാരേ സമീൻ പർ എന്ന ആമിർ ഖാന്റെ പുതിയ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണാഹ്വാനം ഉയരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പോസ്റ്റ് ചെയ്തില്ലെന്നും തുർക്കി പ്രഥമ വനിതയുമായുള്ള കൂടിക്കാഴ്ച വിവാദമായെന്നും ആരോപണങ്ങളുണ്ട്.

മുംബൈ: ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' ട്രെയിലര്‍ റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം കഴിയുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ അഹ്വാനം ഉയരുകയാണ്.

ആമിർ ഖാൻ പ്രൊഡക്ഷൻസ് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പോസ്റ്റ് ചെയ്തതില്ലെന്ന് ആരോപിച്ചാണ് നിരവധി എക്സ് ഉപയോക്താക്കൾ ചിത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് തുടങ്ങിയത്. ഇന്ത്യൻ സായുധ സേനയുടെ ധീരതയെ പോസ്റ്റ് പ്രശംസിച്ചെങ്കിലും, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ മൗനം പാലിച്ച ആമിർ, തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ വിജയം ഉറപ്പാക്കാൻ തന്റെ പോസ്റ്റ് ഒരു പബ്ലിസിറ്റി സ്റ്റണ്ടായി ഉപയോഗിച്ചതായും ചിലര്‍ ആരോപണം ഉയര്‍ന്നു. 

ഇതിനിടയിൽ ആമിറിന്‍റെ തുർക്കിയിലെ പഴയ വീഡിയോ ക്ലിപ്പ് വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. മുമ്പ് വിവാദങ്ങൾക്ക് കാരണമായ തുര്‍ക്കി പ്രഥമ വനിത എമിൻ എർദോഗനുമായി ആമിര്‍ നടത്തിയ കൂടികാഴ്ചയാണ് ഈ വീഡിയോയില്‍ ഉള്ളത്. 

സമീപ ദിവസങ്ങളില്‍ നടന്ന ഇന്ത്യ പാക് സംഘര്‍ഷാവസ്ഥയില്‍ തുർക്കി പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും തുർക്കിയെ ബഹിഷ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു വിഭാഗം ആമിറിന്‍റെ തുര്‍ക്കി ബന്ധം ചൂണ്ടി കാണിക്കുന്നത്. അതേ സമയം ഇതില്‍ നേരിട്ട് വിശദീകരണം നല്‍കിയില്ലെങ്കിലും ലാല്‍ സിംഗ് ഛദ്ദ സിനിമ ഷൂട്ടിംഗ് വേളയിലാണ് തുര്‍ക്കി പ്രഥമവനിതയെ കണ്ടത് എന്നാണ് ആമിറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അതായത് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്. 

തുര്‍ക്കി ടൂറിസം ബഹിഷ്കരിച്ചത് പോലെ തുര്‍ക്കിയില്‍ പോയ ആമിറിന്‍റെ പടവും ബഹിഷ്കരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. സീതാരേ സമീന്‍ പര്‍ തുര്‍ക്കിയില്‍ റിലീസ് ചെയ്യു എന്നാണ് ഒരു കമന്‍റ് വന്നത്. 

അതേ സമയം ജൂൺ 20 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും. ആര്‍എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.