Asianet News MalayalamAsianet News Malayalam

തമിഴ്നാട് അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; റിലീസിനു മുന്‍പേ 'കോബ്ര' നേടിയത്

307 തിയറ്ററുകളിലെ 2070 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്നുള്ള സംഖ്യയാണ് ഇത്

cobra movie tamil nadu huge advance booking figures vikram Ajay Gnanamuthu
Author
First Published Aug 30, 2022, 4:43 PM IST

വലിയ ആരാധകവൃന്ദമുള്ള താരമാണെങ്കിലും സമീപകാലത്ത് വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ആളാണ് വിക്രം. ഷങ്കറിന്‍റെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ ഐ ആണ് വിക്രത്തിന്‍റെ അവസാന സൂപ്പര്‍ഹിറ്റ്. വന്‍ പ്രതീക്ഷകളോടെ പിന്നീടെത്തിയ അഞ്ച് ചിത്രങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയി. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അജയ് ജ്ഞാനമുത്തുവാണ്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയാണെങ്കില്‍ ചിത്രം വന്‍ കളക്ഷന്‍ നേടാനുള്ള സാധ്യതയിലേക്കാണ് ട്രേഡ് അനലിസ്റ്റുകള്‍ വിരല്‍ ചൂണ്ടുന്നത്. തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്നു മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയത് 5.3 കോടിയാണ്. 307 തിയറ്ററുകളിലെ 2070 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്നുള്ള സംഖ്യയാണ് ഇത്. വൈകിട്ട് 3 മണി വരെയുള്ള ട്രാക്കിംഗ് അനുസരിച്ചുള്ള തുകയാണ് ഇതെന്ന് സിനിട്രാക്ക് അറിയിക്കുന്നു. 

യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

ALSO READ : തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍; 'ഒറ്റ്' റിലീസ് തീയതി നീട്ടി

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

Follow Us:
Download App:
  • android
  • ios