സുരേഷ് ഗോപിയുടെ കരിയറിലെ നാഴികക്കല്ലായ 1994ലെ 'കമ്മീഷണര്‍' എന്ന ചിത്രം 4കെ അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്നു.

മറ്റൊരു മലയാള ചിത്രം കൂടി റീ റിലീസിന്. സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 1994 ചിത്രം കമ്മീഷണര്‍ ആണ് 4 കെ അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. രണ്‍ജിയുടെ പഞ്ച് ഡയലോ​ഗുകള്‍ സുരേഷ് ​ഗോപിയിലൂടെ മുഴങ്ങിയപ്പോള്‍ തിയറ്ററുകളില്‍ വലിയ കൈയടിയാണ് സൃഷ്ടിക്കപ്പെട്ടത്. റിലീസ് സമയത്ത് ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും ചിത്രം വിജയം നേടുകയുണ്ടായി. അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് ചിത്രത്തിന്‍റെ റീ റിലീസ്.

തെലുങ്കിൽ നൂറ് ദിവസത്തിനുമേലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് തമിഴിലും തെലങ്കിലും വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. പിന്നാലെ സുരേഷ്ഗോപി ചിത്രങ്ങളുടെ ഡബ്ബിംഗ് റൈറ്റിന് വലിയ ഡിമാൻ്റും ഉണ്ടായി. സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.മണിയാണ് ഈ ചിത്രം നിർമ്മിച്ചത്. രതീഷ്, ശോഭന, രാജൻ പി ദേവ്, വിജയരാഘവൻ, ബൈജു സന്തോഷ്, ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കമ്മീഷണറിലും അതിനു തുടർച്ചയായി എത്തിയ ഭരത് ചന്ദ്രൻ ഐപിഎസ്സിലും ഉപയോഗിച്ച പശ്ചാത്തല സംഗീതം പ്രേഷകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. കമ്മീഷണര്‍ റീ റിലീസ് ആയി എത്തുമ്പോള്‍ പശ്ചാത്തല സംഗീതം പുനരാവിഷ്കരിക്കുന്നത് ബെന്നി ജോൺസാണ്. സംഗീതം രാജാമണി, ഛായാഗ്രഹണം ദിനേശ് ബാബു, എഡിറ്റിംഗ് എൽ ഭൂമിനാഥൻ, കലാസംവിധാനം ബോബൻ, 4കെ റീമാസ്റ്ററിംഗ് നിർമ്മാണം ഷൈൻ വി എ, മെല്ലി വി എ, ലൈസൺ ടി ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് ഹർഷൻ ടി, കളറിംഗ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സിംഗ് ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്