പനാജി: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് ​​ഗോവയിലെ കോൺ​ഗ്രസ് വിദ്യാർഥി സംഘടന. ​ഗോവ വിമാനത്താവളത്തിൽവച്ച് താരത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് സൽമാൻ ഖാനെതിരെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡൻ്റസ് യൂണിയൻ ഓഫ് ഇന്ത്യ രം​ഗത്തെത്തിയത്.

ആരാധകനോട് സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താരത്തിന് ഗോവയിൽ വിലക്കേര്‍പ്പെടുത്തണമെന്നും സ്റ്റുഡൻ്റസ് യൂണിയൻ ​ഗോവ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സൽമാൻ ഖാനെതിരെ ഗോവ ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ നരേന്ദ്ര സവൈകറും രം​ഗത്തെത്തിയിരുന്നു. താരത്തിന്റേത് നിന്ദ്യമായ പെരുമാറ്റമാണെന്നും പരസ്യമായി മാപ്പ് പറയണമെന്നും നരേന്ദ്ര സവൈകർ ആവശ്യപ്പെട്ടു.

Read More: അനുവാദമില്ലാതെ സെൽഫി പകർത്താൻ ശ്രമം; ആരാധകന്റെ ഫോൺ പിടിച്ചെടുത്ത് സൽമാൻ ഖാൻ- വീഡിയോ

തന്റെ ഏറ്റവും പുതിയ ചിത്രമായ രാധെയുടെ ഷൂട്ടിങ്ങിനായി ​ഗോവയിൽ‌ എത്തിയതായിരുന്നു സൽമാൻ ഖാൻ. വിമാനത്താവളത്തിന് പുറത്തേക്ക് കടക്കുന്നതിനിടെ അനുവാദം കൂടാതെ ആരാധകൻ സൽമാനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ താരം യുവാവിന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചെടുക്കുകയും കാറിലേക്ക് കയറാനായി പുറത്തേക്ക് പോകുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ രൂക്ഷവിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.