ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതിയാണ് ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിച്ചത്.ഇപ്പോഴിതാ കാന്താരയ്‌ക്കൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രഗതി
തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ വിജയകുതിപ്പ് തുടരുകയാണ് 'കാന്താര ചാപ്റ്റർ 1'. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ചിത്രം ഇതിനോടകം 300 കോടി കളക്ഷനാണ് ആഗോള ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്. ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് ഋഷഭ് ഷെട്ടിയുടെ ഭാര്യയെ പ്രഗതി ഋഷഭ് ഷെട്ടിയാണ്. ഇപ്പോഴിതാ കാന്താരയ്‌ക്കൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രഗതി. "കാന്താരയുടെ ഭാഗമാവാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത യാത്രയാണ്. അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ല, അതൊരു വികാരമായിരുന്നു." പ്രഗതി കുറിച്ചു.
പാൻ ഇന്ത്യൻ വിജയം
125 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ഇതിനോടകം 300 കോടി കളക്ഷനാണ് നേടിയത്. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾക്കും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്സ് വർക്കാണ് ചിത്രത്തിലുള്ളത്. അജനീഷ് ലോകനാഥിന്റെ സംഗീതവും അർവിന്ദ് എസ് ക്യാശ്യപിന്റെ ഛായാഗ്രഹണവും വലിയ പ്രശംസകളാണ് നേടുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് ക്ലൈമാക്സ് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അതേസമയം കന്നഡയിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ഋഷഭ് ഷെട്ടിയും സംഘവും ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി നായകനായി സംവിധാനം ചെയ്ത ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പുകളോടെയാണ് എത്തിയത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.



