മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ തിങ്കളാഴ്ച ഐശ്വര്യയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടിരുന്നു. 

''എന്റെ മരുമകളും പേരക്കുട്ടിയും ആശുപത്രിവിട്ടു, എനിക്ക് എന്റെ കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനാകുന്നില്ല. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വിലമതിക്കാനാവാത്തതാണ്'' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. 

10 ദിവസത്തിന് ശേഷമാണ് ഐശ്വര്യ റായിയെയും മകളെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേക് ബച്ചന്‍ ഇപ്പോഴും നാനാവതി ആശുപത്രിയില്‍ തുടരുകയാണ്. 

ഐശ്വര്യയും ആരാധ്യയും ആശുപത്രിവിട്ടുവെന്ന് അഭിഷേക് ബച്ചനും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജൂലൈ 11 നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടില്‍ ഐസൊലേഷനിലായിരുന്നു. പിന്നീട് ജൂലൈ 17 ന് ഇരുവരെയും നാനവതി ആശുപത്രിയിലേക്ക് മാറ്റി.