സുരേഷ് ഗോപി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായെത്തുന്ന സിനിമയ്ക്ക് കോടതിയുടെ വിലക്ക്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി. സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള്ളതാണ് വിധി. 'കടുവ' സിനിമയുടെ  തിരക്കഥയും  കഥാപാത്രവും പകർപ്പവകാശം ലംഘിച്ച് എടുത്തെന്നാണ് കേസ്.

 

ALSO READ: കൊവിഡ് കാലം മോശമാക്കാതെ സര്‍ക്കാര്‍; യുഡിഎഫിനും ബിജെപിക്കും മാര്‍ക്ക് എത്ര?

മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നത്. സുരേഷ്‌ഗോപിയുടെ 250-ാം ചിത്രമെന്ന നിലയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ 'കടുവ' സിനിമയുടെ പ്രവര്‍ത്തകര്‍ സുരേഷ്‌ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. 

 

ALSO READ: കൊവിഡ് കാലത്തെ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരെ തുണയ്ക്കും? സര്‍വെ ഫലം

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ്  ഹർജിക്കാരുടെ  ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവിടുകയായിരുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.