കൊച്ചിയില്‍ കൊവിഡ് രോഗബാധിതരാണെന്ന് പറഞ്ഞ് ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ഫ്ലാറ്റില്‍ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചപ്പോള്‍ ഇടപെട്ട് നടൻ റോണി ഡേവിഡ്. ഡോക്ടര്‍ കൂടിയായ റോണി ഡേവിഡ് ഇക്കാര്യം മാധ്യമങ്ങളില്‍ അറിയിക്കുകയും എംഎല്‍എ, കളക്ടര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംഭവത്തില്‍ ഇടപെടുകയുമായിരുന്നു.

കൊച്ചിയില്‍ ഒരു ഫ്ലാറ്റില്‍ ആയിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ തമിഴ് യുവതിയും ഭര്‍ത്താവും താമസിച്ചത്.  ഇവര്‍ തമിഴ്‍നാട്ടില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്‍ക്ക് എത്തിയതായിരുന്നു.കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിരുന്നു. എന്നിട്ടും ഇവരെ ഫ്ലാറ്റില്‍ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് നടൻ റോണി ഡേവിഡും സംഭവത്തില്‍ ഇടപെടുകയും സംരക്ഷണം ഒരുക്കുകയും ചെയ്‍തത്. എന്നാല്‍ ദമ്പതികളോട് ഫ്ലാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നത്.

സംവിധായകനും നടനുമായ ആര്യൻ സംഭവത്തില്‍ റോണി ഡേവിഡിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. കൊച്ചിയിൽ തമ്മനത്തുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പൂർണ്ണ ഗർഭിണിയായ ഒരു തമിഴ്‌ യുവതിക്ക്‌ കൊവിഡ്‌ ഇല്ല എന്ന സർട്ടിഫിക്കറ്റ്‌ കാണിക്കേണ്ടി വന്നിട്ടും അവർക്ക്‌ കൊവിഡ്‌ ഉണ്ടെന്ന് ആരോപിച്ച്‌ അവരെ ഫ്ലാറ്റിൽ ഒറ്റപ്പെടുത്താനും, ഇറക്കിവിടാനും ഒക്കെ ശ്രമിക്കുന്ന അസോസിയേഷൻ ഭാരവാഹികൾ എന്ത്‌ മനുഷ്യരാണ്‌.
ഇതിൽ ഇടപെട്ട്‌ ആ യുവതിക്കും കുടുംബത്തിനും വേണ്ടി അസോസിയേഷനെതിരെ ഒറ്റയാൾ പട്ടാളമായി കൂടെ നിന്ന് സഹായിക്കുന്ന പ്രിയ സഹോദരൻ, പ്രമുഖ സിനിമ നടൻ, ഡോക്ടർ റോണി ഡേവിഡ് നിങ്ങൾ മുത്താണ്‌. ടിവിവാര്‍ത്തയില്‍  എംഎല്‍എയുടെ ശ്രദ്ധയിലേക്ക്‌ പോലും താങ്കൾ ഇക്കാര്യം എത്തിച്ചത്‌ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മാസ്സ്‌ ആണ്‌ നിങ്ങൾ എന്ന് എനിക്ക്‌ മുൻപേ അറിയുന്നതാണ്‌. ഇപ്പോൾ ലോകം തിരിച്ചറിയുന്നതിൽ അഭിമാനമെന്നും ആര്യൻ പറയുന്നു.