ചെന്നൈ: കൊവിഡ് 19 ആഗോളതലത്തില്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തി വച്ച് തമിഴ് സിനമാ മേഖല. മാര്‍ച്ച് 19 മുതല്‍ അനിശ്ചിത കാലത്തേക്കാണ് ചിത്രീകരണം നിര്‍ത്തി വയ്ക്കുന്നത്. 

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(എഫ്ഇഎഫ്എസ്ഐ)യാണ് ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമടക്കമുള്ള ജോലികളും നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടതായി എഫ്ഇഎഫ്എസ്ഐ പ്രസിഡന്‍റ് ആര്‍ കെ ശെല്‍വമണി അറിയിച്ചു. 

തമിഴ് ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാക്കളോടും ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും കര്‍ണാടകയിലും കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ സിനിമാ തിയേറ്ററുകള്‍ അടച്ചിടണമെന്ന് ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.