സിഡ്‌നി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ടോം ഹാങ്ക്‌സ്. ഒരു ടടൈപ്പ് റൈറ്ററുടെ ചിത്രം ടോം ട്വീറ്റ് ചെയ്തു. ഐസൊലേഷനില്‍ ഇരുന്ന സമയം ചെലവഴിച്ചത് ആ ടൈപ്പ് റൈറ്ററിനൊപ്പമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ദിവസങ്ങള്‍ നീണ്ട ഐസൊലേഷന്‍ കാലത്ത് നിത്യജീവിതത്തില്‍ ആവശ്യമായ പലതും പഠിച്ചുവെന്നും അദ്ദേഹം പറയുന്നു. അത് അലക്കിയ തുണി മടക്കാനും ഭക്ഷണമുണ്ടാക്കാനുമാണെന്നും ടോം ഹാങ്ക്‌സ് കുറിച്ചു. മാത്രമല്ല, ഭാര്യയോടൊപ്പം റമ്മി കലിച്ച് തോറ്റെന്നും വ്യക്തമാക്കുന്നു പലതവണ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍. 

ഓസ്‌ട്രേലിയയില്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണും കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇതേത്തുടര്‍ന്ന ഓസ്‌ട്രോലിയയിലെ ഒരു ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹവും ഭാര്യയും. കഴിഞ്ഞ ദിവസം അസുഖം ഭേദമായതോടെ, അവസാനത്തെ ടെസ്റ്റ് നെഗറ്റീവ് ആയതോടെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഭാര്യ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 

ഗായികയും ഗാനരചയിതാവുമായ റിത വില്‍സണ്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സിഡ്‌നിയിലും ബ്രിസ്‌ബേനിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇരുവരുമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രാലയം ശ്രമം നടത്തിയിരുന്നു.