പേളിയെക്കുറിച്ച് നടൻ ഡെയ്‍ൻ ഡേവിസ്.
അവതാരകനായും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങുന്ന താരമാണ് ഡെയ്ൻ ഡേവിസ്. ആരാധകര്‍ക്ക് പ്രിയപ്പെട്ട ഡിഡി ആണ് താരം. മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഡെയ്ൻ അവതരണ രംഗത്തെത്തിയത്. പേളി മാണി ആയിരുന്നു അന്ന് ഡെയ്നിന്റെ കോ ആങ്കർ. പേളിയെക്കുറിച്ചാണ് ഡെയ്ൻ പുതിയ അഭിമുഖത്തിൽ മനസു തുറക്കുന്നത്. താൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മീനാക്ഷിയോടൊപ്പമാണെന്നും തന്റെ പ്രിയപ്പെട്ട കോ ഹോസ്റ്റ് മീനാക്ഷിയാണെന്നും ഡെയിൻ പറയുന്നുണ്ട്. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''പേളി മാണിയെ ഞാൻ ചേച്ചി എന്നായിരുന്നു ഷോ ചെയ്യുമ്പോൾ വിളിക്കാറ്. ആ സമയത്ത് എന്റെ ഉച്ചാരണമൊന്നും കറക്‌ട് ആയിരുന്നില്ല. ആത്മവിശ്വാസമില്ലായ്മ തുടക്കത്തിൽ എന്നെ നന്നായി ബാധിച്ചിരുന്നു. പേളിയുടെ കൂടെ നിൽക്കുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു.
ആദ്യ ഷെഡ്യൂളിൽ നിർത്തേണ്ടി വരുമെന്ന് ഞാൻ എന്റെ മനസിൽ ഉറപ്പിച്ചിരുന്നു. ബാക്കിയുള്ളവർക്കും അത്ര മതിപ്പില്ല. ഇവനെന്തിനാണ് വന്നത്, പേളി അടിപാെളിയായി ഷോ ആങ്കർ ചെയ്യുന്നു എന്ന തരത്തിലൊരു അഭിപ്രായം അവിടെ ഉണ്ടാകുന്നുണ്ട് എന്നുള്ളത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.
ഞാൻ നിർത്തേണ്ടി വരുമെന്ന് എനിക്കാദ്യം തോന്നി. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ബാക്കിയുള്ളവർക്കും അത് തോന്നി. ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് പേളി എന്നെ അവർ സ്പീക്കറായെത്തുന്ന ഒരു ഇവന്റിന് വിളിച്ചു. വലിയ പ്രോഗ്രാമായിരുന്നു. പേളി എന്നെ എല്ലാവരുടെ മുന്നിലും പരിചയപ്പെടുത്തി. ഞാൻ പറയുന്നതിനേക്കാളും ഞാൻ ആൾക്കാരുമായി ഇടപഴകുന്നത് നീ കാണ് എന്ന് പറഞ്ഞു. പുള്ളിക്കാരിക്ക് എന്നെ എഫർട്ട് ഇട്ട് അവിടെ കൊണ്ട് പോകേണ്ട ആവശ്യമില്ല. എന്നാൽ അവരത് ചെയ്‍തു'', ഡെയ്ൻ അഭിമുഖത്തിൽ പറഞ്ഞു.
