ഫൈസൽ ഹുസൈൻ സംവിധാനം ചെയ്ത 'ഡെയ്ഞ്ചറസ് വൈബ്' എന്ന ലഹരി വിരുദ്ധ സിനിമ നിയമസഭാ സാമാജികർക്കായി പ്രദർശിപ്പിക്കും
ലഹരി വിപത്തിനെതിരെ പൊതുജനതാല്‍പര്യാര്‍ഥം ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് വൈബ് എന്ന സിനിമ നിയമസഭാ സാമാജികരുടെ മുന്നിൽ പ്രദർശിപ്പിക്കും. ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് നിയമസഭാ ഹാളിൽ ചിത്രത്തിന്‍റെ പ്രദർശനം നടക്കുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയും സ്പീക്കറുമടങ്ങുന്ന 140 എംഎൽഎമാരും പ്രദർശനം കാണാൻ എത്തും. ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ നേരത്തെ കോഴിക്കോട് നടന്നിരുന്നു.
കട്ടപ്പാടത്തെ മാന്ത്രികൻ എന്ന സിനിമയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഡോക്യുമെൻ്ററികളും ഷോർട്ട് ഫിലിമുകളും തയ്യാറാക്കിയ ഫൈസൽ ഹുസൈനാണ് ഡെയ്ഞ്ചറസ് വൈബിന്‍റെ സംവിധാനം. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രത്തിന്‍റെ പ്രമേയം ലഹരി മാഫിയയ്ക്കെതിരെ പൊലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത്, ഇന്ദിര, ഫൈജു, അശോകൻ വളയം, ഷംസു വെള്ളിപറമ്പ്,സലാം ലെൻസ് വ്യൂ, പ്രൊഫ. രാജശേഖരൻ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വയനാടും കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ ഡെയ്ഞ്ചറസ് വൈബിൽ നൂറിലധികം കലാകാരന്മാർ ഭാഗമാകുന്നുണ്ട്. 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ കോഴിക്കോട് എആർസി കോറണേഷൻ തിയറ്ററിൽ നിറഞ്ഞ സദസ്സിൽ നേരത്തെ നടന്നിരുന്നു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ആഭ്യന്തരവകുപ്പിൻ്റെയും സാംസ്കാരിക വകുപ്പിൻ്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപക പ്രദർശനങ്ങളും സംഘടിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രബീഷ് ലിൻസിയാണ്. ചിത്രസംയോജനവും സംവിധായകൻ ഫൈസൽ ഹുസൈനാണ് നിർവഹിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് റിയാസ് പെരുംമ്പടവ്. നെവിൽ ജോർജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സിമ്പു സുകുമാരൻ ആണ്. സലാം ലെൻസ് വ്യൂ ആണ് ചിത്രത്തിൻ്റെ പ്രോജക്റ്റ് കോഡിനേറ്റർ.



