കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി

ലൂസിഫര്‍ എന്ന തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു പൃഥ്വി. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടിയുടെ മകന്‍റെ കഥാപാത്രമായിരുന്നു പൃഥ്വിരാജിന്. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഹിറ്റ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇതേക്കുറിച്ച് പറയുന്നത്.

റിപ്പീറ്റ് വാല്യു ഉള്ള പടമാണ് ബ്രോ ഡാഡി എന്ന് അവതാരകന്‍ പറയുമ്പോഴാണ് പൃഥ്വിരാജ് അക്കാര്യം പറയുന്നത്. ഈ ചിത്രം തങ്ങള്‍ ആലോചിച്ചത് തന്നെ ഇത്തരത്തിലൊരു ലക്ഷ്യം മനസില്‍ കണ്ടുകൊണ്ടാണെന്ന് പറയുന്നു പൃഥ്വിരാജ്. “ഇപ്പോള്‍ ആള്‍ക്കാര്‍ അങ്ങനെ പറയുമ്പോള്‍ സ്ട്രേഞ്ച് ആയി തോന്നാം. ബ്രോ ഡാഡി എന്ന പ്രോജക്റ്റ് ഓണ്‍ ആവുമ്പോള്‍ അതിന്‍റെ ബ്രീഫ് തന്നെ അങ്ങനെ ആയിരുന്നു. ഇത് ഡയറക്റ്റ് ഒടിടി റിലീസ് പോവുന്ന സിനിമ ആയിരിക്കുമെന്ന് 99 ശതമാനം ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കാരണം നമ്മള്‍ അങ്ങനെയൊരു സമയത്താണ് ഷൂട്ട് തുടങ്ങുന്നത്. തിയറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. സ്ട്രീമിംഗ് പാര്‍ട്നര്‍ ഒക്കെ തുടക്കത്തിലേ നമുക്കൊപ്പം സഹകരിച്ചിരുന്നു. ടിവിയിലൊക്കെ ആളുകള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു പടം എന്നതായിരുന്നു സിനിമയുടെ ബ്രീഫ്. ആ സിനിമ എങ്ങനെയാണ് സ്റ്റേജ് ചെയ്തിരിക്കുന്നതെന്നും ഷൂട്ട് ചെയ്തിരിക്കുന്നതെന്നും പരിശോധിച്ചാല്‍, ഒട്ടും റിയല്‍ അല്ല എന്ന് മനസിലാവും. ജോണ്‍ കാറ്റാടി ഇടുന്ന കുര്‍ത്തയുടെ കളറും പിന്നിലുള്ള ഭിത്തിയുടെ നിറവും ഒരുപോലെയാണ്. അങ്ങനെയൊക്കെയാണ് ചിത്രീകരിച്ചത്. ഒട്ടും റിയല്‍ അല്ലാതെ. നീളമുള്ള ഒരു ആഡ് ഫിലിം പോലെ. അതിനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ എത്രത്തോളം വിജയിക്കാന്‍ സാധിച്ചുവെന്ന് അറിയില്ല”, പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിരാജിന്‍റെ അടുത്ത റിലീസ് ഐ നോബഡി എന്ന മലയാള ചിത്രമാണ്. റോഷാക്ക്, കെട്ട്യോളാണ് എന്‍റെ മാലാഖ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാര്വതി തിരുവോത്ത് ആണ് നായിക എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 9 നാണ് ചിത്രത്തിന്‍റെ റിലീസ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming