സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ധനുഷ്. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ താരം ഇതിനോടകം തന്നെ ആസ്വാദകർക്ക് നൽകി കഴിഞ്ഞു. അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തിൽ താരം അഭിനയിക്കുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഏറെ ആഹ്ലാദത്തിലും ആകാംഷയിലുമാണ് ധനുഷ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ധനുഷും രംഗത്തെത്തിയിട്ടുണ്ട്.

ഈ അതിശയകരമായ ആക്ഷൻ പായ്ക്ക് അനുഭവത്തിനായി കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും ധനുഷ് ട്വിറ്ററിൽ കുറിച്ചു.

അവഞ്ചേർസ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ 'ദ് ഗ്രേ മാൻ' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്ക്രീനിൽ എത്തുക. അനാ ഡെ അർമാസ് ആണ് നായിക. 

വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.