തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് സിബി മലയില്‍

മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ (Sibi Malayil)- ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, ഏഴ് വര്‍ഷം കൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്‍തങ്ങളായ ചിത്രങ്ങള്‍. അതില്‍ പ്രേക്ഷകരുടെ ഇഷ്‍ടം ആവോളം നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ (Mohanlal) നായകനായി 1989ല്‍ പുറത്തെത്തിയ ദശരഥം (Dasharatham). വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലൊക്കെ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു രണ്ടാംഭാഗം സിബി മലയില്‍ തന്നെ ആലോചിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പ്രോജക്റ്റ് സംഭവിക്കുമോ എന്ന ചോദ്യത്തിന് സിബി മലയില്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിബി മലയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ കൊത്തിന്‍റെ രചയിതാവ് ഹേമന്ദ് കുമാര്‍ തന്നെയാണ് ഇതിന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. "ഞാനും ഹേമന്ദ് കുമാറുമായി ചര്‍ച്ച ചെയ്‍തശേഷം ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാംഭാഗമാണ്. അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്. ഞങ്ങളുടെ കഥയില്‍ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം", സിബി മലയില്‍ പറയുന്നു.

അതേസമയം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് കൊത്ത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നായിക നിഖില വിമല്‍. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. രഞ്ജിത്ത് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പ്രൊഫഷണല്‍ നായക രംഗത്ത് സജീവമായ ഹേമന്ദ് കുമാറിന്‍റെ തിരക്കഥയില്‍ ആദ്യമായി പുറത്തുവരുന്ന ചിത്രമാണ് കൊത്ത്.