മുംബൈ: ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ താരങ്ങള്‍ ആലിയയും റണ്‍ബീര്‍ കപൂറുമാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. എന്നാണ് ആലിയയും റണ്‍ബീറും വിവാഹം ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. 

ഇരുവരുടെയും വിവാഹത്തില്‍ ആരാധകരുടെ ആകാംഷകൂട്ടുകയാണ് ഇപ്പോള്‍ ദീപിക പദുക്കോണും ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത, ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് ദീപിക, ആലിയയുടെ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 

ദീപിക പദുകോണ്‍, ആലിയ ഭട്ട്, പാര്‍വ്വതി തിരുവോത്ത്, റണ്‍വീര്‍ സിംഗ്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖൊറാന, മനോജ് ബാജ്പെയി, വിജയ് ദേവരക്കൊണ്ട എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 

ഇന്ത്യന്‍ സിനിമയിലെ ഏത് അഭിനേതാക്കളില്‍നിന്നാണ് ഉപദേശം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിജയ് ദേവരക്കൊണ്ടയോട് ചോദ്യമുയര്‍ന്നു.  ഈ കൂട്ടത്തിലിരിക്കുന്ന പലരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ദീപികയും ആലിയയുമാണെന്നും വിജയ് മറുപടി നല്‍കി. ദീപിക വിവഹം ചെയ്തെങ്കിലും എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തിയപ്പോഴാണ് ദീപിക ആലിയയും വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞത്. 

ഉടന്‍ തന്നെ ആലിയ ഇടപെട്ടു. ''എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താനാവുക എന്ന് ചോദിക്കുകയും ചെയ്തു''. ദീപിക തമാശയ്ക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആലിയ റണ്‍വീര്‍ ആരാധകര്‍  ആഘോഷമാക്കുന്നത്. നേരത്തേ ആലിയയുടെയും റണ്‍ബീറിന്‍റെയും വിവാഹത്തിന്‍റെ ക്ഷണക്കത്തെന്ന പേരില്‍ ഒരു വ്യാജകത്ത് ഇറങ്ങിയിരുന്നു. 

റണ്‍ബീര്‍ കപൂറുമായി രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ദീപിക. പിന്നീട് ഇരുവരും പിരിയുകയും ദീപിക റണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കുകയും ചെയ്തു. റണ്‍ബീര്‍ കത്രീന കെയ്ഫുമായി പ്രണയത്തിലായി. ഇത് തകര്‍ന്നതിന് ശേഷം റണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുകയായിരുന്നു.