ശ്രീനാഥ് ഭാസി നായകനാവുന്ന 'കറക്കം' മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമാണ്. എൺപതുകളിലെ റെട്രോ ആത്മാക്കൾ പുതിയ തലമുറയിലെ യുവാക്കളെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം.

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ 'കറക്കം' റിലീസ്നിഒരുങ്ങുന്നു. യു എ 13+ സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ പശ്ചാത്തലം. പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ? ആകാംക്ഷയുണർത്തി ടീസർ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.

നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന ആത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ വർണ്ണാഭമായ ഫ്രെയിമുകളിലൂടെയും ത്രസിപ്പിക്കുന്ന സംഗീതത്തിലൂടെയും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും 'കറക്കം' എന്ന സിനിമയെ വ്യത്യസ്തമാക്കുന്നു.