മുംബൈ: ടെലിവിഷൻ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം ദീപിക പദുകോൺ. ഡാൻസ് പ്ലസ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ദീപിക. പരിപാടിയിലെ മത്സരാർത്ഥികൾ തനിക്കായി ഒരുക്കിയ ട്രിബ്യൂട്ട് കണ്ട സന്തോഷത്തിലായിരുന്നു താരം കണ്ണീരണിഞ്ഞത്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ഛപാക്ക്' എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് താരം പരിപാടിയിൽ എത്തിയത്.

ദീപിക നായികയായെത്തിയ 'പദ്മാവത്' എന്ന ഹിറ്റ് ചിത്രത്തിലെ ​'ഗൂമർ' എന്ന ​ഗാനത്തിനായിരുന്നു മത്സരാർത്ഥികൾ ചുവടുവച്ചത്. പാട്ടിനൊപ്പം സീറ്റിലിരുന്ന താളം പിടിക്കുന്ന ദീപികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നൃത്തം അവസാനിച്ചു കഴിഞ്ഞപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റ് ദീപിക കയ്യടിക്കുകയും പരിപാടിയിലെ ജഡ്ജായ റെമോ ഡിസൂസയെ കെട്ടിപ്പിച്ച് കരയുകയുമായിരുന്നു. പിന്നീട് സ്റ്റേജിലെത്തിയ താരം, ട്രിബ്യൂട്ട് ഒരുക്കിയ മത്സരാർ‌ത്ഥികൾക്ക് നന്ദിയറിയിച്ചു.

ഒരുപാട് പരിപാടിയിൽ അതിഥിയായി പോയിട്ടുണ്ടെങ്കിലും ഇന്നത്തെ എന്റെ അനുഭവം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാനെന്റെ  ഹൃദയത്തിൽത്തൊട്ട് നന്ദി പറയുന്നുവെന്നും ദീപിക പറഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രമാണ് ഛപാക്ക്. ചിത്രത്തിൽ മാലതി എന്ന് കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.

ഛപാക്കിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സ്റ്റേജിൽ വച്ച് നേരത്തെ ദീപിക പൊട്ടിക്കരഞ്ഞിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയായിരുന്നു ദീപികയുടെ കണ്ണുകൾ നിറഞ്ഞത്.