Asianet News MalayalamAsianet News Malayalam

നായകന്‍ രണ്‍വീറിന്‍റെ അതേ പ്രതിഫലം ചോദിച്ചു; ബന്‍സാലി ചിത്രത്തില്‍ നിന്ന് ദീപിക പുറത്ത്

അഭിനേതാക്കളുടെ പ്രതിഫലത്തില്‍ വേണ്ട ലിംഗനീതിയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുള്ള ആളാണ് ദീപിക

deepika padukone out from sanjay leela bhansali directing baiju bawra for asking same remuneration as ranveer singh
Author
Thiruvananthapuram, First Published Aug 8, 2021, 4:40 PM IST

'ഗംഗുബായ് കത്തിയവാഡി'ക്കു ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈജു ബാവ്‍ര'. വിജയ് ഭട്ടിന്‍റെ സംവിധാനത്തില്‍ 1952ല്‍ ഹിന്ദിയില്‍ തന്നെ പുറത്തിറങ്ങിയ മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമയുടെ പുനരാവിഷ്‍കാരം. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തില്‍ നായകനും നായികയും ആവേണ്ടിയിരുന്നത്. 'രാം ലീല', 'ബാജിറാവു മസ്‍താനി' 'പദ്‍മാവത്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മറ്റൊരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്ന നിലയ്ക്ക് ആ വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യവും ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ദീപിക ഉണ്ടാവില്ലെന്നാണ് പുതിയ വിവരം. നായകനൊപ്പമുള്ള വേതനം ആവശ്യപ്പെട്ടതാണ് ഒഴിവാക്കപ്പെടാന്‍ കാരണമെന്നും അറിയുന്നു.

അഭിനേതാക്കളുടെ പ്രതിഫലത്തില്‍ വേണ്ട ലിംഗനീതിയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുള്ള ആളാണ് ദീപിക. തന്‍റെ സമീപകാല ചിത്രങ്ങളിലൊക്കെ നായകന് തുല്യമായ പ്രതിഫലമാണ് ദീപിക ആവശ്യപ്പെടാറെന്നും കേള്‍ക്കുന്നു. എന്നാല്‍ 'ബൈജു ബാവ്‍ര'യിലെ സമാന ആവശ്യം സഞ്ജയ് ലീല ബന്‍സാലി നിരസിച്ചിരിക്കുകയാണ്. യഥാര്‍ഥ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായ താരങ്ങളുടെ ഒരേ ചിത്രത്തിലെ പ്രതിഫലത്തിന്‍റെ പേരില്‍ നായിക ഒഴിവാക്കപ്പെട്ട സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്. ബോളിവുഡ് ഹംഗാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'രാമായണി'ലെ സീതയെ അവതരിപ്പിക്കുന്നതിന് കരീന കപൂര്‍ ചോദിച്ച പ്രതിഫലവും സമീപകാലത്ത് ചര്‍ച്ചയായിരുന്നു. 12 കോടിയാണ് കരീന ചോദിച്ചത്. അതേസമയം സഞ്ജയ് ലീല ബന്‍സാലി തന്‍റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios