മുംബൈ: ദീപിക പദുകോൺ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ചിത്രം മേഘ്ന ​ഗുൽസാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ പ്രതികരണമായിരുന്നു പ്രേക്ഷകരിൽനിന്ന് ലഭിച്ചിരുന്നത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഛപാക്കിന് പാർവതി തിരുവോത്ത് നായികയായെത്തിയ മലയാള ചിത്രം ഉയരെയുമായി സാമ്യമുണ്ടെന്ന ചർച്ച വ്യാപകമായിരുന്നു. ഇതിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക. സിനിമ നിരൂപകൻ രാജീവ് മസാന്ദുമായുള്ള അഭിമുഖത്തിലാണ് ദീപികയുടെ തുറന്നുപറച്ചിൽ.

ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്നാണ് ദീപിക പറയുന്നത്. ഒരു വിഷയത്തെക്കുറിച്ച് ആർക്ക് വേണമെങ്കിലും സിനിമ ചെയ്യാമെന്നും പക്ഷെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലായിരിക്കും അത് അവതരിപ്പിക്കുകയെന്നും ദീപിക പറയുന്നു. ''കഥ പറയാൻ ഓരോരുത്തർക്കും വ്യത്യസ്ത മാർ​ഗങ്ങളുണ്ടാകും. ഇന്ന് ആര്‍ക്ക് വേണമെങ്കിലും ലക്ഷ്മിയെക്കുറിച്ചോ ആസിഡ് ആക്രമണത്തെക്കുറിച്ചോ സിനിമ ചെയ്യാന്‍ സാധിക്കും. പക്ഷെ, ഓരോ ചിത്രത്തിനും ഓരോ സ്വഭാവമുണ്ട്. അത് നല്ലൊരു കാര്യമാണ്. സിനിമ വളരെ ശക്തമായൊരു മാധ്യമമാണ്. അതുകൊണ്ടാണ് ഈ കഥ തെരഞ്ഞെടുത്തത്'', ദീപിക പറ‍ഞ്ഞു.

Read More: ഛപാക് സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ കണ്ണ് നിറഞ്ഞ് ദീപിക പദുക്കോണ്‍- വീഡിയോ

'ആസിഡ് ആക്രമണം രാജ്യത്ത് ഇല്ലാതിരുന്ന ഒന്നല്ല. പീഡനം പോലെയോ മറ്റ് പ്രശ്നങ്ങളെ പോലെയോ ആസിഡ് ആക്രമണം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. കഴിഞ്ഞ വര്‍ഷം ഇത്തരമൊരരു വിഷയത്തെക്കുറിച്ച് ഷബാന ജീയും സിനിമ ചെയ്തിരുന്നു. ഒരേ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വേറെയും സിനിമകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉയരെയുമായുള്ള സാമ്യതയില്‍ ആശങ്കയൊന്നുമില്ലെന്നും താരം വ്യക്തമാക്കി.  

ഈ വര്‍ഷം ഏപ്രിലിൽ പുറത്തിറങ്ങിയ മലയാളം ചിത്രമാണ് ഉയരെ. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. നവാ​ഗതനായ മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും വേഷമിട്ടിരുന്നു. ദീപികയുടെ ഛപാക്കും പാർവതിയുടെ ഉയരെയും ഒരേ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അതിനാലാണ് ഇരു ചിത്രങ്ങളും ചർച്ചയാകുന്നത്. 


‌