ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ഛപാക് പറയുന്നത്.

ദീപിക പദുക്കോണ്‍ നായികയായി പ്രദര്‍ശനത്തിന് എത്തുന്ന സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ദീപികയുടെ കരിയറിലെ വലിയ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തിന് രണ്ട് സംസ്ഥാനങ്ങളില്‍ നികുതിയിളവ് പ്രഖ്യാപിച്ചു.

മധ്യപ്രദേശിലും ഛത്തിസ്‍ഗഢിലുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ആണ് ആദ്യം മുഖ്യമന്ത്രി കമല്‍നാഥ് നികുതിയിളവ് സംബന്ധിച്ച സൂചന നല്‍കിയത്. ആരും അങ്ങനെയൊരു പ്രൊപോസല്‍ നല്‍കിയില്ലെന്നും എന്നാല്‍ ആവശ്യപ്പെട്ടാല്‍ നികുതിയിളവ് സംബന്ധിച്ച ആലോചിക്കുമെന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്. എന്നാല്‍ പിന്നീട് നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് സാമൂഹ്യമാധ്യമത്തിലൂടെ കമല്‍നാഥ് വ്യക്തമാക്കുകയും ചെയ്‍തു. ഛത്തിസ്‍ഗഢ് മുഖ്യമന്ത്രി ഭുപേഷും ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചു രംഗത്ത് എത്തി. മേഘ്‍ന ഗുല്‍സാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. നാളെയാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക.