'കൽക്കി' ഒടിടി പതിപ്പിലെ ക്രെഡിറ്റിസിൽ നിന്നും ദീപിക പദുകോണിന്റെ പേര് നീക്കം ചെയ്തതിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. നേരത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും ദീപികയെ പുറത്താക്കിയതും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി' ഒടിടി പതിപ്പിൽ നിന്നും ദീപിക പദുകോണിന്റെ പേര് ഒഴിവാക്കിയതിൽ വ്യാപക വിമർശനം. നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും താരത്തിനെ പുറത്താക്കുന്നതായി നിർമ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഒടിടി പതിപ്പിൽ നിന്നും ദീപികയുടെ പേര് നീക്കം ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നുവരുന്നത്.സുമതി എന്ന സുപ്രധാനമായ കഥാപാത്രമായിരുന്നു ചിത്രത്തിൽ ദീപിക അവതരിപ്പിച്ചിരുന്നത്. അത്രയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ പേര് നീക്കം ചെയ്തത് ഒട്ടും പ്രൊഫഷണലായ കാര്യമല്ല എന്നാണ് പരക്കെ ഉയരുന്ന വിമർശനങ്ങൾ.
ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചതെന്നും, രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് സ്‌ക്രീൻ ടൈം കുറവാണെന്നുമുള്ള റിപ്പോർട്ടുകൾ കൽക്കിയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. "ഒരുപാട് പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് രഹസ്യമല്ല. പക്ഷെ അതൊന്നും തലക്കെട്ടായി മാറില്ല. ഞാന്‍ ആരുടേയും പേര് പറഞ്ഞ് ഇതൊരു വലിയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ചില നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പലരും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, ദിവസവും എട്ട് മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വാരാന്ത്യത്തില്‍ ജോലി ചെയ്യില്ല." എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ദീപിക അന്ന് പ്രതികരിച്ചത്.
ഷാരൂഖിനൊപ്പം ഇനി കിംഗിൽ
ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിന് വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നും സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങീ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.



