തെന്നിന്ത്യൻ നടി സാമന്തയുടെ നായകനാകാൻ ഒരുങ്ങി 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. 

ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അദിതി റാവുവും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായ ചിതമാണ് 'സൂഫിയും സുജാതയും'. സൂഫി എന്ന ടൈറ്റില്‍ റോളിൽ എത്തിയത് ദേവ് മോഹന്‍ ആയിരുന്നു. വിജയ് ബാബുവിന്റെ നിര്‍മ്മണത്തിൽ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ഡൗണില്‍ ഒടിടിയിൽ എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു.