100 കോടി ബജറ്റില്‍ എത്തിയ ചിത്രം 3 കോടിയില്‍ താഴെ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്

കങ്കണ റണൗത്തിനെ (Kangana Ranaut) കേന്ദ്ര കഥാപാത്രമാക്കി രജ്‍നീഷ് ഘായ് സംവിധാനം ചെയ്‍ത ബോളിവുഡ് ആക്ഷന്‍ ചിത്രം ധാക്കഡിന്‍റെ (Dhaakad) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5ല്‍ ജൂലൈ 1നാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക. വന്‍ പ്രതീക്ഷകളോടെ എത്തി തിയറ്ററുകളില്‍ വന്‍ തകര്‍ച്ച നേരിടേണ്ടിവന്ന ചിത്രമാണ് ഇത്. മെയ് 20ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്.

100 കോടി ബജറ്റില്‍ എത്തിയ ചിത്രം 3 കോടിയില്‍ താഴെ മാത്രമാണ് കളക്റ്റ് ചെയ്‍തതെന്നാണ് ലഭ്യമായ വിവരം. ഏജന്‍റ് അഗ്നി എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ധാക്കഡ്. ഏപ്രില്‍ മാസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ തീരുമാനം. എന്നാല്‍ കൊവിഡിനു ശേഷം തിയറ്ററുകള്‍ സജീവമായ സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളുടെ സാന്നിധ്യം പരിഗണിച്ച് റിലീസ് നീട്ടുകയായിരുന്നു. പ്രതിനായക കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Scroll to load tweet…

അതേസമയം നായികമാര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ആക്ഷന്‍ ചിത്രങ്ങളുടെ ഇന്ത്യയിലെ വിജയ ശതമാനം വളരെ കുറവാണ്. അത്തരം ചിത്രങ്ങള്‍ തന്നെയും കുറവാണ്. രേഖയെ നായികയാക്കി കെ സി ബൊകാഡിയ സംവിധാനം ചെയ്‍ത ഫൂല്‍ ബനെ അങ്കാരെ (1991) പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ ആ ഗണത്തില്‍ വിജയിച്ചിട്ടുള്ളൂ.