12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ലെന്നും ധനുഷ്.
മുംബൈ: രാഞ്ഛനാ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീ-റിലീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ ധനുഷ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതാണ് നടനെ ചൊടിപ്പിച്ചത്. ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും നടന്‍ പറയുന്നു.
12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണി ആണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് ആവശ്യപ്പെട്ടു. യഥാർത്ഥ സിനിമയുടെ ക്ലൈമാക്സിലല്‍ ധനുഷിന്റെ കഥാപാത്രം മരിക്കുകയാണ്. എന്നാല്‍ റി റിലീസില്‍ ആശുപത്രിയിൽ ഇയാൾ കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.
ഹിമാൻഷു ശർമ്മയുടെ രചനയിൽ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ഒരു റൊമാൻ്റിക് ഡ്രാമ ചിത്രമായിരുന്നു രാഞ്ഛനാ. 2013ൽ ആയിരുന്നു സിനിമയുടെ റിലീസ്. അഭയ് ഡിയോളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ വർഷം നവംബർ 28ന് ആണ് സിനിമയുടെ റി റിലീസ്.
കുബേരന്‍ എന്ന ചിത്രമാണ് ധനുഷിന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വെഫെറർ ഫിലിംസാണ് കുബേര കേരളത്തിൽ എത്തിച്ചത്. ധനുഷിന് ഒപ്പം നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവരും കുബേരയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കുബേര. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത്. ഈ ചിത്രം പണത്തെ അടിസ്ഥാനമാക്കിയുള്ള പല ജീവിതങ്ങളുടെ യാത്ര ആവിഷ്കരിക്കുന്ന ഇമോഷണല്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.



