ഗ്രാന്റ് ലോഞ്ച് ദിവസമായ ഇന്നലെ തന്നെ ഒരു തർക്കത്തിന് വഴിവയ്ക്കുന്ന ഏഴിന്റെ പണി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന് തുടക്കമായിരിക്കുകയാണ്. ഒരു കോമണർ ഉൾപ്പടെ 19 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം കയറിയത്. ഇത്തവണ ഭുരിഭാഗം പേരും പ്രേക്ഷകർക്ക് സുപരിചതരാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒപ്പം മികച്ചൊരു മത്സരമാകും സീസൺ 7ൽ അരങ്ങേറുകയെന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
ഗ്രാന്റ് ലോഞ്ച് ദിവസമായ ഇന്നലെ തന്നെ ഒരു തർക്കത്തിന് വഴിവയ്ക്കുന്ന ഏഴിന്റെ പണി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ഇത് തന്നെ ആദ്യ അടിക്കും കാരണമായിട്ടുണ്ടെന്നാണ് എപ്പിസോഡ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന റേസിംഗ് ടാസ്കിൽ ഷാനവാസ് ഷാനു, ബിന്നി സെബാസ്റ്റ്യൻ, ആര്യൻ എന്നിവർ വിജയിച്ചിരുന്നു. ഇവർക്കൊരു ബാൻഡും ബിഗ് ബോസ് കൈമാറി. ഒപ്പം ഇവരുടെ പെട്ടികളും. എന്നാൽ മറ്റുള്ളവർക്ക് പെട്ടികൾ നൽകിയിരുന്നില്ല. വിജയികളായ മൂന്ന് പേരിൽ നിന്നും ബാന്റ് സ്വന്തമാക്കുന്നവർക്ക് പെട്ടികൾ നൽകുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. സ്വാഭാവികമായും ബാന്റിനായി എല്ലാവരും പരിശ്രമിക്കുന്നുണ്ടെന്നും ഇത് വൻ തർക്കത്തിന് വഴി ഒരുക്കിയിട്ടുണ്ടെന്നും എപ്പിസോഡ് പ്രമോയിൽ നിന്നും വ്യക്തമാണ്.
കോമണറായ അനീഷ് ആണ് പ്രമോയിലെ താരം. ഒപ്പം ഷാനവാസ് ഷാനു ഉൾപ്പടെ ഉള്ളവരും ഉണ്ട്. ഷാനവാസ് തന്റെ ബാന്റ് ഒനിയലിന് നൽകുമ്പോൾ 'അയ്യേ ഇത്രയും ചീപ്പ് കളി'ക്ക് താനില്ലെന്ന് അനീഷ് പറയുന്നതും പ്രമോയിൽ കാണാം. തർക്കത്തിടെ എന്തെങ്കിലും ചെയ്യണമെന്ന് ബിഗ് ബോസിനോട് പറയുന്ന ശാരികയേയും ബിഗ് ബോസ് വീട്ടിൽ കാണാം. എന്തായാലും വന്ന് ആദ്യദിനം തന്നെ ബിഗ് ബോസ് ഹൗസിൽ അടി തുടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാണ്. ഇനി മുന്നോട്ട് ഷോയുടെ ഗതി എന്താണെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.



