ധനുഷിന്റ കുബേര കണ്ടവരുടെ പ്രതികരണങ്ങള്‍.
ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കുബേര. തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര"യ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റായിരുന്നു. ആകെ ദൈർഘ്യം 181 മിനിറ്റും. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ധനുഷ് വീണ്ടും ഞെട്ടിച്ചു എന്നാണ് ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ധനുഷിന്റെ വണ്‍ മാൻ ഷോയാണ് ചിത്രം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെയും ധനുഷ് ചിത്രം കണ്ട ചിലര്‍ പ്രശംസിക്കുമ്പോള്‍ മറ്റ് ചിലര്‍ നാഗാര്‍ജുനിയുടെ യൂണിക്ക് റോളാണെന്നും മികച്ച ആഖ്യാനമാണ് കുബേരയുടേത് എന്നും അഭിപ്രായപ്പെടുകയും ചെയ്യുന്നു. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദന.
ചിത്രത്തിൻ്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ റിലീസ് ചെയ്‌ത ടീസർ, ചിത്രത്തിലെ ഗാനങ്ങൾ, വ്യത്യസ്‍തമായ പോസ്റ്ററുകൾ എന്നിവയെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിന്റ ട്രെയ്‌ലര്‍ ടീസർ എന്നിവ സമ്മാനിച്ചിരുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ഇവ സൂചിപ്പിക്കുന്നു. ധനുഷ്, നാഗാർജുന, രശ്‌മിക എന്നിവരെ കൂടാതെ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന "കുബേര" ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്.
ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ - തൊട്ട ധരണി, പിആർഒ ശബരി.
