മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്.

മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാൻ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്. ഷൂട്ട് ആക്ഷൻ തുടങ്ങുമ്പോള്‍ അവര്‍ എങ്ങനെയാണ് മാറുന്നത്. ക്യാമറ സ്വിച്ച് ഓഫ് ചെയ്‍താല്‍ അവര്‍ ചിരിച്ച് ആസ്വദിക്കുന്നത് കാണാം. അവര്‍ എതിര്‍വശത്ത് നിന്ന് ചെയ്യുമ്പോള്‍ അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ല- ധനുഷ് പറയുന്നു.

ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.