"എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന്"
ഇതരഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങള്‍ കാണുന്ന മലയാളികളെ സംബന്ധിച്ച് പരിചിതമാണ് പവന്‍ കുമാറിന്‍റെ വര്‍ക്കുകള്‍. അദ്ദേഹത്തിന്‍റെ പേര് ഒരുപക്ഷേ അറിയില്ലെങ്കില്‍ പോലും ലൂസിയയ്ക്കും യു ടേണിനുമൊക്കെ ഇവിടെ ആരാധകരുണ്ട്. പവന്‍ കുമാറിനെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന ധൂമം. കന്നഡത്തിലും തെലുങ്കിലും തമിഴിലും സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം എന്നത് മാത്രമല്ല പ്രത്യേകത. മറിച്ച് പവന്‍ ഏറ്റവും നീണ്ട കാലയളവ് മനസില്‍ കൊണ്ടുനടന്ന ചിത്രം കൂടിയാണ് ഇത്.
"എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന്. 26-ാം വയസില്‍ എന്‍റെ മനസിലേക്ക് വന്ന ഒരു ആശയം ഇന്ന് സിനിമയായി അവതരിപ്പിക്കുമ്പോള്‍ എനിക്ക് 40 വയസുണ്ട്. ഞാന്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ ഈ ചിത്രം നിങ്ങളെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നില്‍ സൃഷ്ടിച്ചതുപോലെ അത് നിങ്ങള്‍ക്കുള്ളിലും ചില സംവാദങ്ങള്‍ സൃഷ്ടിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഗംഭീരമായ 145 മിനിറ്റുകള്‍ ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്‍റെ ചിത്രം കാണാനായി സമയം കണ്ടെത്തി, പരിശ്രമം നടത്തിയവര്‍ക്ക് നന്ദി", റിലീസിന് മുന്നോടിയായി ട്വീറ്റ് ചെയ്തു.
കരിയറിലെ മറ്റു ചിത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ധൂമത്തിനു വേണ്ടി നടത്തിയ പരിശ്രമത്തെക്കുറിച്ച് ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പവന്‍ കുമാര്‍ പറയുന്നുണ്ട്- "കന്നഡയില്‍ നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മലയാളമുള്‍പ്പെടെ മറ്റ് ഭാഷകളിലും ഈ ചിത്രം ചെയ്യാനായി ഞാന്‍ പരിശ്രമം നടത്തിയിരുന്നു. ഫഹദിന് മുന്‍പ് മലയാളത്തില്‍ രണ്ടുമൂന്ന് അഭിനേതാക്കളോട് സംസാരിച്ചിരുന്നു. ഞാനുമായി സഹകരിക്കാനുള്ള താല്‍പര്യവുമായി ഹൊംബാളെ ഫിലിംസ് എത്തുമ്പോള്‍ എന്‍റെ പക്കലുള്ള തിരക്കഥകളെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു. അവരാണ് ആദ്യം ഫഹദിനെ സമീപിച്ചത്. എന്‍റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ചില മുന്‍ അഭിമുഖങ്ങളില്‍ എന്നോടൊപ്പം ചിത്രം ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച് കണ്ടിരുന്നു. ധൂമത്തിന്‍റെ ആശയം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായി. ഫഹദും ഹൊംബാളെ ഫിലിംസും എത്തിയതോടെ മറ്റു താരനിരയെ കണ്ടെത്തുന്നതൊക്കെ എളുപ്പമായിരുന്നു", പവന്‍ കുമാര്‍ പറയുന്നു.
ഡ്രാമ ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം ബംഗളൂരുവാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം. മലയാളത്തിനൊപ്പം കന്നഡ മൊഴിമാറ്റ പതിപ്പുകളും ഇന്ന് പ്രദര്‍ശനം ആരംഭിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ജൂണ്‍ 29 ന് ആണ്.
ALSO READ : ബിഗ് ബോസ് ഹൗസിലേക്ക് ശോഭയുടെയും മിഥുന്‍റെയും അച്ഛനമ്മമാര്‍; വീഡിയോ
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

