ഹൊംബാളെ ഫിലിംസ് മലയാളത്തില്‍ ആദ്യമായി

ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം നാളെ തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണിത്. മാനസാരെ, ലൂസിയ, യു ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. 

പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രവുമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം. കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച പ്രീത പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീരാമിന്റെ അനന്തിരവളുമാണ്. 

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുന്നത്. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ
ജോസ്മോൻ ജോർജ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : സെറീനയോട് പൊട്ടിത്തെറിച്ച് റെനീഷ; വീണ്ടും സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്

Dhoomam - Malayalam Trailer | Fahadh Faasil | Aparna | Pawan Kumar | Vijay Kiragandur| Hombale Films