12,400 കോടിയുടെ ആസ്തിയുള്ള ഷാരൂഖ് ഖാന് ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് പണം സമ്പാദിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് ധ്രുവ് റാഠി വീഡിയോയിലൂടെ ചോദിക്കുന്നത്.
പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് എന്തിനെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനോട് യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ആകെ സമ്പത്ത് 12,400 കോടി രൂപയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ധ്രുവ് പറയുന്നു. 'ഷാരൂഖ് ഖാനോടുള്ള എന്‍റെ ചോദ്യം' എന്ന തലക്കെട്ടിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
"ഷാരൂഖ് ഖാൻ ഇപ്പോൾ ശതകോടീശ്വരനായി മാറിയിരിക്കുന്നു. കേട്ടത് ശരിയാണ്! മാധ്യമ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്‍റെ ആസ്തി 1.4 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ, അത് ഏകദേശം 12400 കോടിയാണ്. അത് എത്രയാണെന്ന് നിങ്ങൾക്കറിയാമോ? സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ആ സമ്പത്തിൽ നിന്ന് ഷാരൂഖിന് പലിശയായി മാത്രം എത്ര തുക ലഭിക്കുന്നുണ്ടാവും?"- ആഡംബര വസ്തുക്കൾ, സ്വകാര്യ ജെറ്റ്, അവധിക്കാല യാത്രകൾ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്‍റെ ചെലവുകൾ കഴിഞ്ഞാലും എത്രയോ പണം ബാക്കിയുണ്ടാവുമെന്ന് ധ്രുവ് ചോദിക്കുന്നു.
"എന്‍റെ ചോദ്യമിതാണ്, ഷാരൂഖ് ഖാന് ഇത്രയും കാശ് പോരേ? പിന്നെ എന്തിനാണ് പാന്‍ മസാല പോലെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നത്?"- ധ്രുവ് ചോദിക്കുന്നു. 2014ല്‍ പാന്‍ പസാല പരസ്യത്തിനായി 20 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലം വാങ്ങിയതെന്ന് ധ്രുവ് പറയുന്നു. ഇപ്പോള്‍ 100 മുതല്‍ 200 കോടി വരെ വാങ്ങുന്നുണ്ടാവാമെന്നും ധ്രുവ് വിശദീകരിച്ചു.
"ശരിക്കും ചോദിക്കാനുള്ളത് ഇതാണ്, നിങ്ങള്‍ക്ക് അധികമായി ഈ 100- 200 കോടി രൂപ ആവശ്യമുണ്ടോ? നിങ്ങള്‍ ആത്മാര്‍ഥമായി സ്വയം ചോദിക്കുക. ഇത്രയധികം സമ്പത്തു കൊണ്ട് എന്തുചെയ്യാനാണ്? ഇനി മറ്റൊരു ഭാഗത്തു നിന്ന് ചിന്തിക്കുക. രാജ്യത്തെ ഏറ്റവും വലിയ ഒരു നടന്‍ ഇത്തരം ഹാനികരമായ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാല്‍, അത് രാജ്യത്ത് എത്രമാത്രം സ്വാധീനമായിരിക്കും ചെലുത്തുക?"- എന്നാണ് ധ്രുവ് റാഠി വീഡിയോയിൽ ചോദിക്കുന്നത്. ഷാരൂഖിലേക്ക് ഈ വീഡിയോ എത്തുന്നതു വരെ ഷെയർ ചെയ്യാനും ധ്രുവ് റാഠി ആവശ്യപ്പെട്ടു.


