രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ 'ഡീയസ് ഈറേ' ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം കുറിച്ചു. 

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഒപ്പം ചേര്‍ത്ത ചിത്രമാണ് ഡീയസ് ഈറേ. ഭൂതകാലവും ഭ്രമയുഗവുമൊക്കെ ഒരുക്കിയ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കുന്നു എന്നതായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രത്തിന്‍റെ യുഎസ്‍പി. റിലീസിന് തലേരാത്രി പെയ്ഡ് പ്രീമിയര്‍ എന്ന പുതുമയോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രീ റിലീസ് അഭിമുഖങ്ങളോ പ്രസ് മീറ്റുകളോ ഒന്നും കൂടാതെ എത്തിയ ചിത്രത്തിന് പക്ഷേ പ്രീമിയര്‍ ഷോകള്‍ വലിയ പ്രൊമോഷനായി മാറി. അത്രയും മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷന്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന്‍റെ കണക്കുകള്‍ എങ്ങനെയെന്ന് നോക്കാം.

മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ആഗോള ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഡീയസ് ഈറേ ഓപണിംഗ് ഫിനിഷ് ചെയ്തത്. ലിമിറ്റഡ് പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കളക്ഷന്‍ കൂടി ചേര്‍ത്ത് 5 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമുള്ള ആഗോള കളക്ഷന്‍ 1.8 കോടിയാണ്. ഇതെല്ലാം ചേര്‍ത്തുള്ള ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10 കോടിക്ക് മുകളിലാണ്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം റിലീസ് ദിനത്തില്‍ ചിത്രം വിറ്റത് 2.38 ലക്ഷം ടിക്കറ്റുകള്‍ ആണ്. ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് ബുക്ക് മൈ ഷോയില്‍ അവസാന മണിക്കൂറില്‍ പതിനയ്യായിരത്തോളം ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ശനി, ഞായര്‍ ദിനങ്ങളിലും മികച്ച കളക്ഷന്‍ നേടുന്നതോടെ ഫസ്റ്റ് വീക്കെന്‍ഡില്‍ ബോക്സ് ഓഫീസില്‍ ചിത്രം മിന്നുമെന്നാണ് കണക്കാക്കപ്പെടുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്