ചെന്നൈ:  ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുളള പ്രണയവിശേഷങ്ങൾക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിശേഷാവസരങ്ങൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവർ പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മാതൃദിനത്തിൽ വളരെ വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ഒപ്പം ഒരു കുഞ്ഞിനെയും കയ്യിലെടുത്ത് നിൽക്കുന്ന നയൻതാരയുടെ ഫോട്ടോയും ചേർത്തിട്ടുണ്ട്. 'എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ' എന്നാണ് നയൻതാരയുടെ ഫോട്ടോക്കൊപ്പം വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ‌

ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകർ. നയൻതാരയുടെ അമ്മയ്ക്കും വിഘ്നേഷ് മാതൃദിനാശംസകൾ നേരുന്നുണ്ട്. അമ്മക്കൊപ്പം നയൻതാരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഇത്രയും സുന്ദരിയായ ഒരു മകളെ വളർത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത്. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ലവ് യൂ അമ്മൂ..' വിഘ്നേഷിന്റെ കുറിപ്പ്. 

നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.