'രാവണപ്രഭു'വിൽ തന്നെ അഭിനയിപ്പിക്കരുതെന്ന് പലരും സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി നടി വസുന്ധര ദാസ് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണെന്നും വസുന്ധര ദാസ് പറയുന്നു.
രാവണപ്രഭു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വസുന്ധര ദാസ്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇപ്പോൾ റീ റിലീസിന് ശേഷവും രാവണപ്രഭുവിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ജാനകി എന്ന കഥാപാത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യരുതെന്ന് സംവിധായകൻ രഞ്ജിത്തിനോട് പലരും പറഞ്ഞിരുന്നതായി വസുന്ധര ദാസ് തുറന്നുപറയുന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണെന്നും, രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വർഷമായി എന്നത് തനിക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വസുന്ധര ദാസ് പറയുന്നു.
"രാവണപ്രഭുവിന് മുമ്പ് സിറ്റിസണ്‍ എന്ന സിനിമയിലാണ് ഞാൻ അഭിനയിച്ചത്. അതിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ശരിക്കും മടുത്തിരുന്നു. ഇനി അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് രാവണപ്രഭുവിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് എത്ര ശ്രദ്ധിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ജാനകി എന്ന കഥാപാത്രം എനിക്ക് ഇഷ്ടമായി. എന്നാല്‍ എന്നെവച്ച് സിനിമ ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം അക്കാര്യം എന്നോട് പറയുന്നത്.
ഞാന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നവളുണാണെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പലരും വേണ്ടെന്നും പറഞ്ഞിട്ടും എന്നെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്ന രഞ്ജിത്തിനോട് നന്ദിയുണ്ട് എനിക്ക്. രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണ്. ഇന്നും എവിടെപ്പോയാലും ആരെങ്കിലും അടുത്ത് വന്ന് വസുന്ധര ദാസ് അല്ലേ, ഞാന്‍ മലയാളിയാണെന്ന് പറയും. അതിന്റെ അര്‍ത്ഥം മറ്റാര്‍ക്കും മനസിലായില്ലെങ്കിലും എനിക്ക് അറിയാം." മാറ്റിനി നൗവിന് നൽകിയ അഭിമുഖത്തിൽ വസുന്ധര ദാസ് പറഞ്ഞു.
റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷൻ
അതേസമയം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് രാവണപ്രഭു നേടിയിരിക്കുന്നത്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടിയ ഏറ്റവും വലിയ ഓപണിംഗ് സ്ഫടികത്തിന്‍റെ പേരിലാണ്. മൂന്നാമത് മണിച്ചിത്രതാതഴ്, നാലാമത് ഛോട്ടാ മുംബൈ, അഞ്ചാമത് ദേവദൂതന്‍ എന്നിങ്ങനെയാണ് കേരളത്തിലെ റീ റിലീസുകളുടെ ടോപ്പ് ഓപണിംഗ് ലിസ്റ്റ്. അതേസമയം ഇന്ന് പുലര്‍ച്ചെ എത്തിയ കണക്ക് പ്രകാരം ശനിയാഴ്ചത്തേക്കുള്ള കേരള അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ചിത്രം 29 ലക്ഷം നേടിയിട്ടുണ്ട്. വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ട്രാക്ക് ചെയ്യപ്പെട്ട 310 ഷോകളില്‍ നിന്ന് 18,000 ല്‍ അധികം ടിക്കറ്റുകളാണ് ശനിയാഴ്ചത്തേക്ക് ചിത്രം വിറ്റത്.



