ദിലീപ് നായകനായ 2003-ലെ ഹിറ്റ് ചിത്രം 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് സംവിധായകൻ ജോണി ആന്റണി. Johny Antony and Dileep talks about CID MOOSA 2

മലയാളത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയാണ് സിഐഡി മൂസ. ദിലീപിനെ നായകനാക്കി ജോണി ആന്റണി ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടായിരുന്നു. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്ഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ജോണി ആന്റണി രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞത്. ദിലീപും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.

എന്നാൽ കൊച്ചിൻ ഹനീഫയും ജഗതിയും ഒടുവിൽ ഉണ്ണികൃഷ്ണനും ക്യാപ്റ്റൻ രാജുവും ഒന്നുമില്ലാതെ എന്ത് സിഐഡി മൂസയാണ് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും ചോദിക്കുന്നത്. ഇത് എല്ലാ വർഷവും പ്രഖ്യാപിക്കുന്നതല്ലാതെ വേറെ ഒന്നും നടക്കുന്നില്ലല്ലോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം ഭ ഭ ബ ആയിരുന്നു ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം തിയേറ്ററിൽ ദയനീയമായി പരാജയപ്പെടുക മാത്രമല്ല വലിയ വിമർശനവും ട്രോളുകളും നേരിട്ടിരുന്നു. എന്നാൽ ഒടിടിയിലും ചിത്രത്തിന് രക്ഷയുണ്ടായിരുന്നില്ല. വിവാദമായ പല രംഗങ്ങളും നീക്കം ചെയ്തതിന് ശേഷമാണ് ഒടിടി പതിപ്പ് എത്തിയത്. മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നീ താരങ്ങൾ ഉണ്ടായിരുന്നിട്ടും ചിത്രം വലിയ സാമ്പത്തിക നഷ്ടം കൂടിയാണ് നേരിട്ടത്.