പ്രേക്ഷകരുടെ വികാരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. 

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ടീസറിനെതിരെ ഉയർന്ന വിമിർശനങ്ങളിൽ പ്രതികരണവുമായി രാമായണം സീരിയലില്‍ സീതയായി ശ്രദ്ധനേടിയ ദീപിക ചിഖലിയ. ടീസറിലെ രാവണനെ കാണുമ്പോൾ മു​ഗളന്മാരെ പോലെയാണ് തോന്നുന്ന‌തെന്ന് ദീപിക പറഞ്ഞു. പ്രേക്ഷകരുടെ വികാരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. 

"സിനിമ നന്നാകണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കണം. ശ്രീലങ്കയില്‍ നിന്നുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലും മുഗളന്‍മാരെപ്പോലെയാകരുത്. എന്നാല്‍ ഇതില്‍ മുഗളരുടെ ഛായയാണ് രാവണന്. ഇന്ന് കാലം മാറിയതിന് അനുസരിച്ച് സിനിമയില്‍ എഫ്എക്‌സ് വലിയ പങ്കുവഹിക്കുന്നു. എന്നാല്‍ പ്രേക്ഷകരുടെ വികാരത്തെ മാനിക്കണം. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നാണ് ദീപിക ചിഖലിയ പറഞ്ഞത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയത്. പ്രഭാസിന്റെ ​ഗംഭീര പ്രകടനം കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ മാത്രമാണ് ടീസര്‍ സമ്മാനിച്ചത്. നിലവില്‍ വീഡിയോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രോളുകളിൽ നിറഞ്ഞ ചോദ്യം. വിഎഫ്എക്സിനെതിരെയും നിരവധി പേർ രം​ഗത്തെത്തി. 

'ആദിപുരുഷ് ഒരുക്കിയത് ചെറിയ സ്ക്രീനിന് വേണ്ടിയല്ല'; ട്രോളുകളിൽ പ്രതികരിച്ച് സംവിധായകൻ

അതേസമയം, ടീസറിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്തും രം​ഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ താൻ നിരാശനായിരുന്നു എന്ന് സംവിധായകൻ പറഞ്ഞു. ചെറിയ സ്‌ക്രീനിനായി നിർമ്മിച്ചതല്ല സിനിമ, ബിഗ് സ്‌ക്രീനിനായി നിർമ്മിച്ചതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും ഓം റാവത്ത് പറഞ്ഞു. 

Adipurush (Official Teaser) Malayalam - Prabhas, Kriti Sanon, Saif Ali K | Om Raut | Bhushan Kumar

500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്നത് പ്രഭാസ് ആണ്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.